

വാഷിങ്ടൺ: റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ എബോള പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഗ്രീൻ കാർഡ് ഹോൾഡേഴ്സിനും നിയന്ത്രണങ്ങളുമായി യുഎസ് ഭരണകൂടം. കഴിഞ്ഞ 21 ദിവസങ്ങളിൽ കോംഗോ, ഉഗാണ്ട, തെക്കൻ സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞവർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ആദ്യഘട്ട നിയന്ത്രണങ്ങളിൽ നിന്ന് ഗ്രീൻ കാർഡ് ഹോൾഡേഴ്സിനെ ഒഴിവാക്കിയിരുന്നുവെങ്കിലും. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്ന് സെൻ്റർ ഫോർ ഡീസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
രാജ്യത്ത് പൊതുജനാരോഗ്യ സംരക്ഷണത്തിനായുള്ള പ്രതിരോധ നടപടികൾ ശക്തമാക്കിയാൽ നിയന്ത്രണം ഒഴിവാക്കുമെന്നും വ്യക്തമാക്കി. രോഗവ്യാപനത്തിനുള്ള സാധ്യതകൾ കണക്കിലെടുത്ത് ലോകരാജ്യങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. രാജ്യാതിർത്തികളിൽ കർശന പരിശോധനകളും ക്വാറൻ്റൈൻ തയ്യാറെടുപ്പുകളും ഉൾപ്പെടെ കൂടുതൽ ശക്തമായി നടപ്പാക്കിവരികയാണ്. മെയ് അവസാനം ന്യൂഡൽഹിയിൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു.
അതേ സമയം മധ്യആഫ്രിക്കയിൽ എബോള വ്യാപനം ആശങ്ക ഉയർത്തുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഡി.ആർ. കോംഗോയിൽ രോഗവ്യാപനം അപകടകരമാം വിധത്തിൽ ഉയരുകയാണെന്നാണ് റിപ്പോർട്ടൽ.നിലവിലെ കണക്കുകൾ അനുസരിച്ച് ഡി.ആർ. കോംഗോയിൽ ഏകദേശം സംശയിക്കപ്പെടുന്ന എബോള കേസുകളുടെ എണ്ണം 750-ഉം മരണനിരക്ക് 177-ഉം ആയിട്ടുണ്ട്.
വൈറസ് രോഗബാധ അന്താരാഷ്ട്ര തലത്തില്‍ ആശങ്ക സൃഷ്ടിക്കുന്നതാണെങ്കിലും മഹാമാരിയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം അത്തരം സാഹചര്യത്തിന്റെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കോംഗോയില്‍ സ്വര്‍ണ ഖനനം നടക്കുന്ന മോങ്വാലു, റുവാമ്പാറ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. സംശയാസ്പദമായ കേസുകള്‍ ബുനിയയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.