

വാഷിങ്ടൺ: 60 ദിവസത്തേക്ക് യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിന് ധാരണയായെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 60 ദിവസത്തെ വെടിനിർത്തൽ കരാർ ധാരണയായെന്നും ട്രംപിൻ്റെ അനുമതി ലഭിച്ചാൽ കരാർ പ്രാബല്യത്തിൽ വരുമെന്നുമാണ് റിപ്പോർട്ടുകൾ.
ഇറാനുമായുള്ള വെടിനിർത്തൽ കരാറിൻ്റെ കരട് രൂപരേഖ ഡൊണാൾഡ് ട്രംപ് ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുമായി പങ്കുവച്ചിട്ടുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിനിടെയാണ് പുതിയ ഒത്തുതീർപ്പ് തീരുമാനം പുറത്തുവന്നിരിക്കുന്നത്.
സമാധാന നീക്കങ്ങളുടെ ഭാഗമായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ധർ നാളെ വാഷിങ്ടണിലേക്ക് തിരിക്കും. ഇവിടെ വച്ച് യുഎസ് വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയുമായി പാക് വിദേശകാര്യ മന്ത്രി മധ്യസ്ഥ ചർച്ചകൾ നടത്തും.
നേരത്തെ ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ ഡ്രോൺ ഓപ്പറേഷന് നേരെ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാൻ കുവൈറ്റിലെ യുഎസ് സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന നീക്കങ്ങൾ പാളിയിരുന്നു.