
വൈറ്റ് ഹൗസ്: ഡൊണാൾഡ് ട്രംപിൻ്റെ തീരുവ നയങ്ങൾക്ക് വൻ തിരിച്ചടി. ചുമത്തിയ തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്നാണ് യുഎസ് അപ്പീൽ കോടതി വിധിച്ചു. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകൾ അനുവദനീയമാണെന്ന വാദം കോടതി തള്ളി.
എന്നാൽ ഒക്ടോബർ പകുതി വരെ താരിഫുകൾ നിലവിലുള്ള രീതിയിൽ തുടരാൻ ജഡ്ജിമാർ അനുവദിച്ചിട്ടുണ്ട്. വിധി അംഗീകരിക്കുന്നത് അമേരിക്കയെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ലഭിച്ച സമയം പരമാവധി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
"എല്ലാ താരിഫുകളും ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്. താരിഫുകൾ എപ്പോഴെങ്കിലും ഇല്ലാതായാൽ അത് രാജ്യത്തിന് ഒരു വലിയ ദുരന്തമായിരിക്കും. വ്യാപാര കമ്മിയും വിദേശ വ്യാപാര തടസ്സങ്ങളും നേരിടുന്നതിനുള്ള ഏറ്റവും നല്ല മാർഗം താരിഫുകൾ ആണ്. കോടതി വിധി ശരിവച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും," ട്രംപ് പറഞ്ഞു.