
വാഷിങ്ടണ്‍: യുഎസ് സര്‍ക്കാര്‍ ഔദ്യോഗികമായി അടച്ചുപൂട്ടി. യുഎസ് അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഔദ്യോഗികമായി പ്രഖ്യാപനം വന്നതോടെ യുഎസിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്തംഭിച്ചു.
സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള ധനബില്‍ പാസാകാത്തതിനെ തുടര്‍ന്നാണ് യുഎസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. ആരോഗ്യ സംരക്ഷണ നയങ്ങളെ ചൊല്ലിയുള്ള കടുത്ത രാഷ്ട്രീയ തര്‍ക്കമാണ് അടച്ചുപൂട്ടലിലേക്ക് നയിച്ച പ്രധാന കാരണം.
2025 ഒക്ടോബര്‍ 1-ന് ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചെലവുകള്‍ക്ക് ഫണ്ടിംഗ് നല്‍കുന്ന ബില്ലുകള്‍ പാസാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. നിലവിലെ അഫോര്‍ഡബിള്‍ കെയര്‍ ആക്ടിന്റെ പ്രീമിയം സബ്സിഡികള്‍ ദീര്‍ഘിപ്പിക്കുക, റിപ്പബ്ലിക്കന്‍മാര്‍ മുന്‍പ് വെട്ടിക്കുറച്ച മെഡികെയ്ഡ് ഫണ്ടിംഗ് പുനഃസ്ഥാപിക്കുക എന്നിവയായിരുന്നു ഡെമോക്രാറ്റുകളുടെ പ്രധാന ആവശ്യം.
ഈ വ്യവസ്ഥകള്‍ ഇല്ലാതെ താല്‍ക്കാലിക ഫണ്ടിംഗ് ബില്ലിനെ പിന്തുണയ്ക്കില്ലെന്നായിരുന്നു ഡെമോക്രാറ്റുകളുടെ നിലപാട്. നയപരമായ വ്യവസ്ഥകളില്ലാത്ത താല്‍ക്കാലിക ഫണ്ടിംഗ് പാസാക്കണമെന്നായിരുന്നു റിപ്പബ്ലിക്കന്മാരുടെ നിലപാട്. ആരോഗ്യ സംരക്ഷണം പോലുള്ള നയപരമായ വിഷയങ്ങള്‍ ഫണ്ടിംഗ് ബില്ലില്‍ ഉള്‍പ്പെടുത്താതെ പിന്നീട് ചര്‍ച്ച ചെയ്യാമെന്നായിരുന്നു വാദം. എന്നാല്‍ ഇത് ഡെമോക്രാറ്റുകള്‍ അംഗീകരിച്ചില്ല.
53 റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ പ്രമേയത്തിന് എതിരായും 47 പേര്‍ അനുകൂലമായും വോട്ട് ചെയ്യുകയായിരുന്നു. രണ്ട് പാര്‍ട്ടികളും നിലപാടില്‍ ഉറച്ചുനിന്നതോടെ, പ്രമേയം സെനറ്റില്‍ പരാജയപ്പെടുകയും സര്‍ക്കാര്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയും ചെയ്തു.
ഏഴ് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് യുഎസ് സര്‍ക്കാര്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്. 2018-2019 കാലഘട്ടത്തില്‍ ട്രംപിന്റെ ആദ്യ ഭരണകാലത്തായിരുന്നു ഈ അടച്ചുപൂട്ടല്‍. പുതുവത്സര ദിനം ഉള്‍പ്പെടെ അഞ്ച് ആഴ്ചത്തേക്ക് സര്‍ക്കാരിനുള്ള ധനസഹായം ലഭിച്ചില്ല.
അടച്ചുപൂട്ടാനുള്ള പ്രധാന കാരണങ്ങള്‍:
കോണ്‍ഗ്രസിന് ഫെഡറല്‍ ഏജന്‍സികള്‍ക്കും പ്രോഗ്രാമുകള്‍ക്കും ധനസഹായം നല്‍കുന്നതിനുള്ള അപ്രോപ്രിയേഷന്‍ ബില്ലുകള്‍ പാസാക്കാന്‍ കഴിയാതെ വരുമ്പോഴാണ് സര്‍ക്കാര്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്.
ഓരോ വര്‍ഷവും ഒക്ടോബര്‍ 1-ന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിന് മുന്‍പ് ഫണ്ടിംഗ് ബില്ലുകള്‍ പാസാക്കേണ്ടതുണ്ട്.
ബില്ലുകള്‍ പാസാക്കുന്നതില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങള്‍:
ബഡ്ജറ്റിലെ ചെലവുകള്‍, നികുതി പരിഷ്‌കാരങ്ങള്‍, അല്ലെങ്കില്‍ ആരോഗ്യ സംരക്ഷണം, അതിര്‍ത്തി സുരക്ഷ തുടങ്ങിയ വിവിധ നയപരമായ വിഷയങ്ങളില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍.
സെപ്റ്റംബര്‍ 30-നകം കോണ്‍ഗ്രസ് ഒരു ഫണ്ടിംഗ് ബില്‍ പാസാക്കിയില്ലെങ്കില്‍, സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ നേരിടേണ്ടിവരും.
പധാന ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് കോണ്‍ഗ്രസ് ഒരു കണ്ടിന്യൂയിംഗ് റെസല്യൂഷന്‍ പാസാക്കണം. ഇത് സര്‍ക്കാരിന് താല്‍ക്കാലികമായി ധനസഹായം നല്‍കുന്നു. എന്നാല്‍ ഈ പ്രമേയത്തിലും ഇരു പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അത് പരാജയപ്പെടുകയും അടച്ചുപൂട്ടലിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഭരണഘടനാപരമായി സര്‍ക്കാരിന് പണം ചെലവഴിക്കാന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. അത് ലഭിക്കാതെ വരുമ്പോള്‍, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതോ ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കോ ഉള്ള അത്യാവശ്യ സേവനങ്ങളൊഴികെ, മിക്ക ഫെഡറല്‍ ഏജന്‍സികള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടി വരുന്നു.
ആരെയൊക്കെ ബാധിക്കും?
ഏകദേശം 750,000 ഫെഡറല്‍ ജീവനക്കാരെ ഷട്ട്ഡൗണ്‍ ബാധിക്കും.
അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ശമ്പളം ലഭിക്കാതെ ജോലി ചെയ്യേണ്ടിവരും. ഷട്ട്ഡൗണ്‍ അവസാനിക്കുമ്പോള്‍ ഇവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം ലഭിക്കാറുണ്ട്.
സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കാത്ത പ്രോഗ്രാമുകളിലെ ജീവനക്കാരെ സ്ഥിരമായി പിരിച്ചുവിടാന്‍ ഏജന്‍സികളോട് ഭരണകൂടം നിര്‍ദ്ദേശിച്ചത് ഇതാദ്യമായാണ്.