യുഎസില്‍ അഞ്ച് വയസുള്ള കുട്ടിയെ കസ്റ്റഡിയിലെടുത്ത് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍

സമീപ ആഴ്ചകളില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുന്ന നാലാമത്തെ വിദ്യാര്‍ഥിയാണിത്
യുഎസില്‍ അഞ്ച് വയസുള്ള കുട്ടിയെ കസ്റ്റഡിയിലെടുത്ത് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍
Image: X
Published on
Updated on

യുഎസിലെ മിനസോട്ടയില്‍ അഞ്ച് വയസുള്ള പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പിതാവിനൊപ്പമാണ് കുട്ടിയേയും കസ്റ്റഡിയിലെടുത്ത് ടെക്‌സസിലെ തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടു പോയത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന ലിയാം കൊനേജോ റാമോസ് എന്ന കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മിനസോട്ടയില്‍ സമീപ ആഴ്ചകളില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുന്ന നാലാമത്തെ വിദ്യാര്‍ഥിയാണിത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കാറില്‍ നിന്ന് ഫെഡറല്‍ ഏജന്റുമാര്‍ ലിയാം കൊനെജോ റാമോസിനെ പിടിച്ചുകൊണ്ടുപോയതായി കൊളംബിയ ഹൈറ്റ്സ് പബ്ലിക് സ്‌കൂള്‍ സൂപ്രണ്ട് സീന സ്റ്റെന്‍വിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വീടിനുള്ളില്‍ മറ്റുള്ളവര്‍ ഉണ്ടോ എന്ന് നോക്കാന്‍ വീടിന്റെ വാതിലില്‍ മുട്ടാന്‍ ഉദ്യോഗസ്ഥര്‍ കുട്ടിയോട് ആവശ്യപ്പെട്ടുവെന്നും, അഞ്ച് വയസുള്ള കുട്ടിയെ ഇരയാക്കി ഉപയോഗിക്കുകയായിരുന്നുവെന്നും സീന സ്‌റ്റെന്‍വിക് ആരോപിച്ചു.

2024 ല്‍ യുഎസില്‍ എത്തിയ കുടുംബത്തിന് അഭയാര്‍ഥി കേസ് നിലവിലുണ്ടെങ്കിലും ഇതുവരെ രാജ്യം വിടാന്‍ ഉത്തരവുണ്ടായിരുന്നില്ല.

അതേസമയം, ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കുട്ടിയെ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് വക്താവ് ട്രിസിയ മെക്ലാഫിന്‍ പറയുന്നത്. കുട്ടിയുടെ പിതാവായ അഡ്രിയാന്‍ അലക്‌സാണ്ടര്‍ കൊനേജോ അരിയാസിനെയാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഇക്വഡോറില്‍ നിന്ന് അനധികൃതമായാണ് ഇവര്‍ യുഎസ്സില്‍ എത്തിയതെന്നും ആഭ്യന്തര സുരക്ഷാ വക്താവ് പറഞ്ഞു.

കുട്ടിയുടെ സുരക്ഷയ്ക്കായി ഉദ്യോഗസ്ഥരിലൊരാള്‍ കുട്ടിയോടൊപ്പം തുടരുകയും മറ്റ് ഉദ്യോഗസ്ഥര്‍ കൊനേജോ അരിയാസിനെ പിടികൂടുകയുമായിരുന്നു. മാതാപിതാക്കള്‍ക്ക് കുട്ടിയെ ഒഴിവാക്കണോ കൂടെ നിര്‍ത്തണോ എന്നതില്‍ തീരുമാനമെടുക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, കുട്ടിയെ പിതാവിനൊപ്പം ടെക്‌സസിലെ ഡില്ലിയിലുള്ള ജയിലിലേക്ക് കൊണ്ടുപോയെന്നാണ് കുടുംബത്തിന്റെ അഭിഭാഷകന്‍ പറയുന്നത്. കുട്ടിയെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ വാദം.

"ഉദ്യോഗസ്ഥര്‍ പിന്നെ എന്താണ് ചെയ്യേണ്ടിയിരുന്നത്. കുട്ടിയെ തണുപ്പില്‍ മരിക്കാന്‍ വിടണമായിരുന്നോ? യുഎസില്‍ അനധികൃതമായി കഴിയുന്ന വിദേശിയെ അറസ്റ്റ് ചെയ്യണ്ടേ?" എന്ന് പറഞ്ഞ ജെഡി വാന്‍സ് താനും അഞ്ച് വയസുള്ള കുട്ടിയുടെ അച്ഛനാണെന്നു കൂടി പറഞ്ഞു.

ഈ മാസം ഏഴിനാണ് റെനി ഗുഡ് എന്ന യുവതിയെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നത്. അതിനു പിന്നാലെയുണ്ടായ പ്രതിഷേധം തുടരുന്നതിനിടയിലാണ് അഞ്ച് വയസുള്ള കുട്ടിയെ കസ്റ്റഡിയിലെടുത്തത്. സ്വയരക്ഷയ്ക്കാണ് യുവതിയെ വെടിവെച്ചു കൊന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടേയും സര്‍ക്കാരിന്റേയും വാദം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com