

ഗാസ സിറ്റി: ഗാസയെ ദീർഘകാലത്തേക്ക് രണ്ടായി വിഭജിക്കാൻ ലക്ഷ്യമിട്ട് പുതിയ പ്ലാൻ അവതരിപ്പിക്കാൻ യുഎസ് നീക്കം. ഗ്രീൻ സോൺ, റെഡ് സോൺ എന്നിങ്ങനെ രണ്ടായി വിഭജിക്കാനാണ് നീക്കം. ഗ്രീൻ സോണായി തിരിച്ച ഭാഗത്ത് പുനർനിർമാണം നടത്താനും, റെഡ് സോണിനെ തകർന്ന നിലയിൽ തന്നെ തുടരാൻ അനുവദിക്കുന്നതുമാണ് പദ്ധതി.
ഇസ്രയേൽ സൈന്യത്തിൻ്റെയും അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലും ഒരു ഭാഗത്തെ ഗ്രീൻ സോണായും പുനർനിർമിക്കുമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഗാസയുടെ കിഴക്കൻ ഭാഗത്താണ് വിദേശ സേനകൾ തുടക്കത്തിൽ ഇസ്രയേൽ സൈന്യത്തിനൊപ്പം വിന്യസിക്കപ്പെടുക.
തകർന്ന ഭൂമിയെ നിലവിലെ ഇസ്രയേൽ നിയന്ത്രണത്തിലുള്ള യെല്ലോ ലൈൻ കൊണ്ട് വിഭജിക്കുമെന്നും യുഎസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. "ഇതിന് കുറച്ച് സമയമെടുക്കും. അത് എളുപ്പമാകില്ല. എല്ലാം ശരിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്," പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഗാസയിലെ വെടിനിർത്തലിനെ, പലസ്തീൻ ഭരണകൂടവുമായുള്ള ഒരു ശാശ്വതമായ രാഷ്ട്രീയ ഒത്തുതീർപ്പാക്കി മാറ്റുന്നതിൽ യുഎസിനുള്ള പ്രതിബദ്ധതയെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നതാണ് ഈ യുഎസ് സൈനിക നീക്കം.
ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായതും പരിഹരിക്കാൻ ആകാത്തതുമായ സംഘർഷങ്ങളിൽ ഒന്നാണ് ഇസ്രയേൽ-ഹമാസ് പോരാട്ടം. രണ്ട് ദശലക്ഷം പലസ്തീനികൾക്കുള്ള ഭക്ഷണവും പാർപ്പിടവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നതിന് വിഘാതമാകുന്നതും ഈ സൈനിക നീക്കങ്ങളാണ്. പ്രശ്നം ശാശ്വതമായി അവസാനിപ്പിക്കാനുള്ള ആത്മാർഥമായ ഇടപെടൽ ഇസ്രയേലിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുമില്ല.
രണ്ട് വർഷത്തെ വിനാശകരമായ യുദ്ധത്തിന് ശേഷവും ഗാസയെ നവീകരിക്കാൻ കൃത്യമായ പദ്ധതികൾ ഇല്ലെങ്കിൽ ഇവിടുത്തെ ജനങ്ങളുടെ ജീവിതം അനിശ്ചിതത്വത്തിൽ തുടരും. അതിന് അന്താരാഷ്ട്ര സമാധാന സേനയ്ക്ക് പ്രായോഗികമായ ഒരു പദ്ധതി വേണം, ഇസ്രയേൽ സൈന്യത്തെ പിൻവലിക്കണം, വലിയ തോതിലുള്ള പുനർനിർമാണവും നടത്തേണ്ടി വരും.
അതേസമയം, വിഭജിക്കപ്പെടുന്നതോടെ ഗാസയിൽ ഇനി യുദ്ധവുമില്ല ഒപ്പം സമാധാനവുമില്ല എന്ന സാഹചര്യം ഉണ്ടാകുമെന്ന് മധ്യസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതോടെ ഇസ്രയേലിൻ്റെ ആക്രമണങ്ങൾ തുടർക്കഥയാകും, അധിനിവേശം നിർബാധം തുടരും, പലസ്തീനിൽ ജനാധിപത്യ സർക്കാരിൻ്റെ അഭാവം ഉണ്ടാകും, പലസ്തീനിലെ തകർന്ന വീടുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പരിമിതമായ പുനർനിർമാണം മാത്രമെ നടക്കൂ.. എന്നീ കാരണങ്ങളും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.