ഗാസയിൽ ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 60 ദിവസത്തേക്കാണ് വെടിനിർത്തൽ എന്ന് ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറയുന്നു. വെടിനിർത്തൽ കരാറിന് പിന്നാലെ ഉണ്ടാകുന്ന നിർദേശങ്ങൾ ഹമാസും അംഗീകരിക്കണമെന്നും ട്രംപ് അറിയിച്ചു.
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അന്തിമരൂപം നൽകുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചുവെന്നാണ് ട്രംപ് അറിയിച്ചത്. "യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും പ്രവർത്തിക്കും", എന്നും ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി.
ഹമാസും ഈ വ്യവസ്ഥകൾ അംഗീകരിക്കുമെന്നാണ് കരുതുന്നത്. കാരണം ഈ സാഹചര്യത്തിലാണ് മുന്നോട്ട് പോക്കെങ്കിൽ അവസ്ഥ മെച്ചപ്പെടില്ലെന്നും, കരാർ അംഗീകരിച്ചില്ലെങ്കിൽ നിലവിലെ സ്ഥിതി കൂടുതൽ വഷളാവുകയേ ഉള്ളൂവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
"മിഡിൽ ഈസ്റ്റിൻ്റെ നന്മയ്ക്കായി ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ഈ പ്രശ്നം ഇനി മെച്ചപ്പെട്ടെന്ന് വരില്ല, കൂടുതൽ വഷളാകുകയേയുള്ളൂ. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയതിന് നന്ദി," ട്രംപ് പറഞ്ഞു.
ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ അടുത്തയാഴ്ച ബന്ദികളെ കൈമാറുന്നതിലേക്ക് ഈ വെടിനിർത്തൽ കരാർ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് നേരത്തെ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. അടുത്ത തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് നെതന്യാഹുവിനെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾ നിർത്തുകയാണെങ്കിൽ ഹമാസ് ബന്ദി കൈമാറ്റത്തിന് തയ്യാറായേക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, ഹമാസിനെ നിരായുധീകരിച്ചാൽ മാത്രമെ തങ്ങൾക്ക് യുദ്ധം അവസാനിപ്പിക്കാൻ കഴിയൂവെന്ന് ഇസ്രയേൽ നിലപാട് വ്യക്തമാക്കി. അതേസമയം, ആയുധം താഴെ വയ്ക്കാൻ ഹമാസ് വിസമ്മതിച്ചിട്ടുണ്ട്.
അമേരിക്ക നിർദേശിച്ച 60 ദിവസത്തെ വെടിനിർത്തലിനും ബന്ദി കൈമാറ്റ കരാറിനും ഇസ്രയേൽ സമ്മതിച്ചതായും, ബാക്കി ഉത്തരവാദിത്തം ഹമാസിൻ്റെ തലയിൽ കെട്ടിവെച്ചെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ, വെടിനിർത്തൽ കരാറിനെ കുറിച്ച് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തയാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് ട്രംപിൻ്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഗാസയിലെ ശത്രുത അവസാനിപ്പിക്കാൻ നെതന്യാഹു ആഗ്രഹിക്കുന്നുവെന്ന് താൻ വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു.
2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷമാണ് ഇസ്രയേൽ ഗാസയിൽ സൈനിക നടപടി ആരംഭിച്ചത്. അതിൽ ഏകദേശം 1,200 പേരാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ ഗാസയിൽ ഇസ്രയേൽ നടത്തിയ തുടർച്ചയായ ആക്രമണത്തിൽ കുറഞ്ഞത് 56,647 പേർ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.