

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടിയിൽ നിന്നും അമേരിക്ക പിന്മാറുന്നുവെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്. ഇറാനിൽ നിന്നുള്ള ആണവായുധ ഭീഷണി ഒഴിവാക്കാൻ വേണ്ട സൈനിക നടപടികൾ വിജയകരമായിരുന്നു എന്നും യുദ്ധം ലക്ഷ്യത്തിലേക്ക് അടുത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഹോർമുസ് കടലിടുക്ക് യുഎസ് നേരിട്ട് സംരക്ഷിക്കില്ലെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ സ്വന്തം നിലയ്ക്ക് സംരക്ഷണം ഏർപ്പെടുത്തണം. ആവശ്യമെങ്കിൽ യുഎസ് പിന്തുണ മാത്രം നൽകാമെന്നും കൂട്ടിച്ചേർത്തു.
ഇറാനുമായി ചർച്ചയാകാമെന്നും എന്നാൽ ഇപ്പോൾ വെടിനിർത്തൽ കരാറിൽ ഏർപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ട്രംപ് പറഞ്ഞു. എതിരാളികൾക്ക് മേൽ ഞങ്ങൾ മേധാവിത്തം നേടിക്കഴിഞ്ഞിരിക്കുന്ന ഈ ഘട്ടത്തിൽ അത്തരമൊരു നീക്കത്തിൻ്റെ ആവശ്യമേയില്ല. തങ്ങൾ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും ജയം അടുത്തെത്തിയെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.