വാഷിങ്ടൺ: ഇറാനില്‍ സെെനിക നടപടി പരിഗണിക്കുന്നു എന്ന് വ്യക്തമാക്കിയതിന് പിന്നാലെ ആശങ്കയായി യുഎസ് പ്രസിഡന്റ് ട്രംപിന്‍റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റില്‍, അമേരിക്കയുടെ സഹായം ഉടനുണ്ടാകുമെന്ന് ട്രംപ് പറയുന്നു. ഏത് വിധത്തിലുള്ള സഹായമാണെന്ന് വ്യക്തമാക്കാതെയാണ് പോസ്റ്റ്. ഭരണകൂട കൊലപാതകങ്ങള്‍ക്ക് അന്ത്യമുണ്ടാകും വരെ ഇറാനുമായുള്ള എല്ലാ ചർച്ചകളും നിർത്തിവെച്ചെന്നും ട്രംപ് അറിയിച്ചു.
ഇറാനിലെ ദേശസ്നേഹികള്‍ പ്രതിഷേധങ്ങള്‍ തുടരണമെന്നും സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നുമാണ് ട്രൂത്ത് സോഷ്യല്‍ വഴിയുള്ള ട്രംപിന്‍റെ ആഹ്വാനം. ഇറാനെതിരെ ശക്തമായ സൈനിക നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി ട്രംപ് നേരത്തേ സൂചന നൽകിയിരുന്നു. ഇറാനെതിരെ പദ്ധതിയിടുന്നതിൽ ഒന്ന് വ്യോമാക്രമണം ആയിരിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ അവരുടെ പരസ്യ പ്രഖ്യാപനങ്ങളിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വകാര്യമായി സ്വീകരിക്കുന്നതെന്നും ലീവിറ്റ് വ്യക്തമാക്കി.
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഉടനടി നടപടി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറഞ്ഞു . ഉത്തരവ് അന്തിമവും നിർണായകവുമാണെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ വഴിയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. ചൈന,തുർക്കി, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇറാനുമായി അടുത്ത വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾ. ട്രംപിൻ്റെ പുതിയ തീരുവ പ്രഖ്യാപനം നിലവിൽ ഇന്ത്യ അടക്കം ഉള്ള രാജ്യങ്ങൾക്ക് തിരിച്ചടിയാണ് .