വാഷിങ്ടൺ സിറ്റി: വ്യാപാര ചർച്ചയ്ക്കായുള്ള യുഎസ് സംഘത്തിൻ്റെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചെന്ന് റിപ്പോർട്ട്. ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച് ആറാം റൗണ്ട് ചർച്ച നടക്കാനിരിക്കുകയായിരുന്നു. യുഎസിൻ്റെ അധിക തീരുവ ഓഗസ്റ്റ് 27ന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് സംഘത്തിൻ്റെ പിന്മാറ്റം.
ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച് യുഎസും ഇന്ത്യയും തമ്മിലുള്ള ആറാം റൗണ്ട് ചർച്ചകൾക്കായി ഓഗസ്റ്റ് 25 ന് യുഎസ് സംഘം ഇന്ത്യയിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഈ മാസം യുഎസ് സംഘം എത്തിയേക്കില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഇന്ത്യക്കുമേൽ ട്രംപ് ചുമത്തിയിരിക്കുന്ന 50 ശതമാനം തീരുവ ഓഗസ്റ്റ് 27-നാണ് പ്രാബല്യത്തിലാകുന്നത്. അധിക തീരുവ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യ– യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ നിർണായകമാണ്. കാർഷിക, ക്ഷീര വിപണിയിൽ കൂടുതൽ ഇടം വേണമെന്ന യുഎസിൻ്റെ നിർബന്ധമാണ് കരാറിലെ പ്രധാന തടസങ്ങളിലൊന്നാകുന്നതെന്നാണ് റിപ്പോർട്ട്.