
വാഷിംഗ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ജറുസലേം സന്ദർശനത്തിന് ട്രംപ് ഭരണകൂടത്തിൻ്റെ പൂർണ പിന്തുണയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇസ്രയേലി ബന്ദികളുടെ മോചനത്തിനും ഹമാസിൻ്റെ നാശത്തിനുമാണ് ട്രംപ് ഭരണകൂടം മുൻഗണന നൽകുന്നതെന്നും റൂബിയോ രാജ്യത്തിൻ്റെ നിലപാടറിയിച്ചു.
നെതന്യാഹുവിനൊപ്പമുള്ള പൊതു പ്രസംഗങ്ങളിൽ വെടിനിർത്തൽ സാധ്യതയെക്കുറിച്ച് റൂബിയോ പരാമർശിച്ചില്ല. കൂടാതെ യുഎസിൻ്റെ മറ്റൊരു അടുത്ത സഖ്യകക്ഷിയായ ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച ഇസ്രയേൽ വ്യോമാക്രമണം നടത്തിയതിനെക്കുറിച്ചുള്ള തൻ്റെ മുൻ വിമർശനവും റൂബിയോ ആവർത്തിച്ചില്ല.
ഖത്തറിനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്താനുള്ള സാധ്യത തള്ളിക്കളയുമോ എന്ന ചോദ്യത്തിന്, "മറ്റു രാജ്യങ്ങളെ പോലെ ഇസ്രയേലും, ഭീകരർ എവിടെയായിരുന്നാലും അവർക്ക് പ്രതിരോധശേഷി ഉണ്ടാകില്ലെന്ന തത്വം പിന്തുടരും," എന്നായിരുന്നു നെതന്യാഹുവിൻ്റെ മറുപടി. അതേസമയം, ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണം ഗൾഫിലെ യുഎസ് നയതന്ത്ര ബന്ധത്തിൽ സൃഷ്ടിച്ച വിള്ളൽ പരിഹരിക്കാൻ ട്രംപ് ഭരണകൂടം ശ്രമം തുടരുകയാണ്. ലണ്ടനിലേക്കുള്ള യാത്രാമധ്യേ റൂബിയോ ചൊവ്വാഴ്ച ദോഹയിൽ തങ്ങുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
വെടിനിർത്തൽ ലക്ഷ്യമിട്ടുള്ള ചർച്ചകൾ അട്ടിമറിക്കുക എന്നതായിരുന്നു ഇസ്രയേൽ ആക്രമണം നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പറഞ്ഞു. ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ചർച്ച നടത്തുന്നവരെ വധിക്കാനും, വ്യവസ്ഥാപിതമായും നല്ല രീതിയിലും തുടരുന്ന ചർച്ചകൾ പരാജയപ്പെടുത്താനാണ് ഇസ്രയേൽ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം സഹനേതാക്കളോട് പറഞ്ഞു.