

ഡല്‍ഹി: അമേരിക്ക കസ്റ്റഡിയില്‍ എടുത്ത വെനസ്വേലയുടെ മുൻ പ്രസിഡന്റായ നിക്കോളാസ് മഡുറോയുടെ അധികം അറിയാത്ത ഇന്ത്യയുമായി ഒരു ആത്മീയ ബന്ധം വീണ്ടും ചര്‍ച്ചയാകുകയാണ്. രാഷ്ട്രീയ അടിച്ചമർത്തലുകൾക്കും അന്താരാഷ്ട്ര ഉപരോധങ്ങൾക്കും വളരെ മുമ്പ് തന്നെ ഇത്തരത്തില്‍ ഒരു ബന്ധം ഉണ്ടായിരുന്നു. മഡുറോ തന്റെ ഭാര്യ സിലിയ ഫ്ലോറസിലൂടെയാണ് ഇന്ത്യയുമായി ഈ ബന്ധം സ്ഥാപിച്ചത്. മാസങ്ങൾ നീണ്ടുനിന്ന യുഎസ് സമ്മർദ്ദത്തിനൊടുവിൽ മഡുറോയോടൊപ്പം ഫ്ലോറസിനെയും പിടികൂടി യുഎസില്‍ എത്തിച്ചത് കഴിഞ്ഞ ജനുവരി 3നായിരുന്നു.
മഡുറോയും ഫ്ലോറസും സത്യസായി ബാബയുടെ അനുയായികളായിരുന്നു എന്നതാണ് പുറത്തുവരുന്ന വിവരം. കത്തോലിക്കാ വിശ്വാസത്തിൽ വളർന്ന മഡുറോയെ വിവാഹത്തിന് മുമ്പ് സിലിയ ഫ്ലോറസാണ് ഈ ഇന്ത്യൻ ആത്മീയ ഗുരുവിലേക്ക് അടുപ്പിച്ചത്. 2005-ൽ ഇരുവരും ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലുള്ള പ്രശാന്തി നിലയം ആശ്രമം സന്ദർശിക്കുകയും സത്യസായി ബാബയെ നേരിൽ കാണുകയും ചെയ്തിരുന്നു. അന്ന് വെനസ്വേല വിദേശകാര്യ മന്ത്രിയായിരുന്നു മഡുറോ.
റിപ്പോർട്ടുകൾ പ്രകാരം മഡുറോ അധികാരത്തിലേറിയപ്പോൾ മിറാഫ്ലോറസ് കൊട്ടാരത്തിലെ അദ്ദേഹത്തിന്റെ സ്വകാര്യ ഓഫീസിലെ ചുവരുകളിൽ സൈമൺ ബൊളിവർക്കും ഹ്യൂഗോ ചാവേസിനും ഒപ്പം സത്യസായി ബാബയുടെ ഒരു ചിത്രവും ഉണ്ടായിരുന്നു എന്നാണ് വിവരം.
2011-ൽ ഈ സത്യസായി ബാബ അന്തരിച്ചപ്പോൾ, അന്നത്തെ വെനസ്വേലൻ വിദേശകാര്യ മന്ത്രിയായിരുന്ന മഡുറോ ഒരു ഔദ്യോഗിക അനുശോചന പ്രമേയം ഇറക്കി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, വെനസ്വേലയിലെ നാഷണൽ അസംബ്ലി ഒരു ഔദ്യോഗിക അനുശോചന പ്രമേയം പാസാക്കുകയും ചെയ്തിരുന്നു ഗുരുവിന്റെ "മനുഷ്യരാശിക്കുള്ള ആത്മീയ സംഭാവനകളെ" ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു.സായിബാബ അന്തരിച്ചപ്പോൾ ലോകത്ത് ഒരു രാജ്യം ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചത് വെനസ്വേലയിലായിരുന്നു.
പല വിദേശ സ്ഥാപനങ്ങളും പുറത്താക്കൽ നടപടികൾ നേരിട്ടപ്പോഴും മഡുറോയുടെ ഭരണത്തിന് കീഴിൽ സത്യസായി സംഘടന വെനസ്വേലയിൽ പ്രവർത്തനം തുടർന്നിരുന്നു. 1974 ലാറ്റിൻ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സായിബാബ ഭക്തസമൂഹങ്ങളിൽ ഒന്ന് വെനസ്വേലയിലാണ് ഉള്ളത്. വെനസ്വേലയിൽ നിന്നുള്ള അർലെറ്റ് മേയർ , എലിസബത്ത് പാമർ എന്നീ രണ്ട് ഭക്തരാണ് ഈ പ്രസ്ഥാനം വെനസ്വേലയിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്.
1972-ൽ ഇവർ പുട്ടപർത്തി സന്ദർശിക്കുകയും സത്യസായി ബാബയുടെ അനുയായികളാവുകയും ചെയ്തു.സായിബാബയെക്കുറിച്ചുള്ള 'മാൻ ഓഫ് മിറക്കിൾസ്' എന്ന പുസ്തകം അർലെറ്റ് മേയർ സ്പാനിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്തു. ഇത് വെനസ്വേലയിൽ സായിബാബയുടെ സന്ദേശം പ്രചരിക്കാൻ വലിയ കാരണമായി. 1974 ഓഗസ്റ്റ് 22-ന് വെനസ്വേലയിലെ ആദ്യത്തെ സായി സെന്റർ തലസ്ഥാനമായ കാരാക്കസിൽ സ്ഥാപിതമായി.
1987-ൽ വെനസ്വേലയിൽ ആദ്യത്തെ 'ഹ്യൂമൻ വാല്യൂസ്' അധ്യാപക പരിശീലന ശില്പശാല നടന്നു. 1990-കളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സായി സ്കൂളുകളും ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രവർത്തനം ആരംഭിച്ചു. ടാച്ചിറ സംസ്ഥാനത്തുള്ള സത്യസായി സ്കൂൾ ഇതിൽ പ്രധാനപ്പെട്ടതാണ്.
ഹ്യൂഗോ ചാവേസിന്റെ കാലത്തും വലിയ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിയത്. പിന്നീട് മഡുറോയുടെ വ്യക്തിപരമായ താല്പര്യം കൂടി വന്നതോടെ ഇതിന് വലിയൊരു ഔദ്യോഗിക പരിവേഷം ലഭിച്ചു. 2024-ൽ വെനസ്വേലൻ സർക്കാർ പുറത്തിറക്കിയ ദേശീയ ദിന ആഘോഷങ്ങൾക്കായുള്ള ക്ഷണക്കത്തുകളിൽ "ഓം" എന്ന ചിഹ്നം ഉൾപ്പെടുത്തിയിരുന്നു.
2025 നവംബറിൽ അമേരിക്കന്‍ സൈനിക നീക്കത്തില്‍ പിടിയിലാകുന്നതിന് മാസങ്ങൾക്ക് മുമ്പ്, മഡുറോ സായിബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കുചേർന്നിരുന്നു. ഒരു ഔദ്യോഗിക പ്രസ്താവനയിൽ സായിബാബയെ "പ്രകാശത്തിന്റെ സത്ത" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. "ഞങ്ങൾ കണ്ടുമുട്ടിയ നിമിഷം ഞാൻ എപ്പോഴും ഓർക്കുന്നു... ഈ മഹാനായ ഗുരുവിന്റെ ജ്ഞാനം നമ്മെ തുടർന്നും നയിക്കട്ടെ," എന്നാണ് മഡൂറോ അന്ന് പറഞ്ഞു.
ഡുറോയുടെ ഭരണത്തിന് ശേഷം വന്ന താൽക്കാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസും ഒരു സായി ഭക്തയാണെന്ന് റിപ്പോർട്ടുകളുണ്ട്.