ജക്കാർത്ത: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലെ കടൽത്തീരത്ത് ഇപ്പോൾ മാലിന്യക്കൂമ്പാരമാണ്. പ്ലാസ്റ്റിക് കുപ്പികളും മരക്കഷ്ണങ്ങളും നിറഞ്ഞതിനാൽ സുന്ദരമായിരുന്ന കടൽത്തീരത്തിലൂടെ നടക്കാൻ സാധിക്കാതെയായിരിക്കുന്നു. മൺസൂൺ കാറ്റും സമുദ്രജല പ്രവാഹവും മാലിന്യം അടിയാൻ കാരണമാകുന്നുവെന്നാണ് റിപ്പോർട്ട്.
ബാലിയിലെ പ്രശസ്തമായ കെഡോംഗാനൻ ബീച്ചാണ് ഇപ്പോൾ മാലിന്യങ്ങൾ മൂടിയ അവസ്ഥയിലുള്ളത്. ദിവസംതോറും ടൺ കണക്കിന് മാലിന്യങ്ങളാണ് തിരമാലകൾക്കൊപ്പം കരയിലേക്ക് അടിച്ചുകയറുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, മുളങ്കഷ്ണങ്ങൾ, പാഴ്‌വസ്തുക്കൾ എന്നിവ മൂടിയതിനാൽ കടൽത്തീരം കാണാൻ തന്നെ സാധിക്കാത്ത അവസ്ഥയിലാണ്.
മാലിന്യക്കൂമ്പാരം പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതവും ദുസഹമാക്കിയിരിക്കുകയാണ്. മാലിന്യം കാരണം ബോട്ടുകൾ ഇറക്കാനോ, വല വീശാനോ കഴിയാത്ത അവസ്ഥയിലാണ്. മാലിന്യങ്ങൾ നീക്കം ചെയ്യാൻ വേണ്ടി മണിക്കൂറോളം ചെലവഴിക്കേണ്ടി വരുന്നത് ഇവരുടെ തൊഴിലിനെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബാലിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെയും ഈ കാഴ്ച നിരാശരാക്കുന്നു. പ്ലാസ്റ്റിക് കൂനകൾക്കിടയിലൂടെ നടക്കേണ്ട അവസ്ഥയിലാണ് സഞ്ചാരികൾ. മൺസൂൺ കാറ്റും സമുദ്രജല പ്രവാഹവുമാണ് ഇത്രയധികം മാലിന്യങ്ങൾ കരയിലേക്ക് അടിയാൻ കാരണമെന്നാണ് കണ്ടെത്തൽ. അധികൃതർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും, തിരമാലയ്‌ക്ക് ഒപ്പം പുതിയ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതും വലിയ വെല്ലുവിളിയായി തുടരുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.