മോസ്കോ: യുക്രെയ്നില്‍ റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധം ചെയ്ത കൊറിയന്‍ സൈനികരെ പ്രശംസിച്ച് പ്രസിഡന്റ് വ്ളാഡിമർ പുടിന്‍. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന് അയച്ച കത്തില്‍ സൈനികരുടെ സേവനത്തെ 'വീരോചിതം' എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്.
ജാപ്പനീസ് ഭരണത്തിൽ നിന്ന് കൊറിയ മോചിതമായതിന്റെ വാർഷികത്തോടനുബന്ധിച്ചായിരുന്നു പുടിന്റെ കത്ത്. ജപ്പാന്റെ കൊളോണിയൽ അധിനിവേശം അവസാനിപ്പിക്കാൻ സോവിയറ്റ് റെഡ് ആർമിയും ഉത്തരകൊറിയൻ സേനയും ഒരുമിച്ച് പോരാടിയതെങ്ങനെയെന്ന് റഷ്യന്‍ പ്രസിഡന്റ് അനുസ്മരിച്ചു. ഉത്തര കൊറിയന്‍ സ്റ്റേറ്റ് മീഡിയയാണ് കത്ത് പുറത്തുവിട്ടത്.
കുർസ്ക് മേഖല യുക്രെയ്നിയന്‍ 'അധിനിവേശകരില്‍' നിന്ന് മോചിപ്പിക്കുന്നതില്‍ കൊറിയന്‍ സൈനികരുടെ പങ്ക് നിർണായകമായി എന്ന് പുടിന്‍ കത്തില്‍ പറയുന്നു. റഷ്യയിലെ ജനങ്ങള്‍ അവരുടെ ധീരതയുടെയും ത്യാഗത്തിന്റെയും ഓർമകള്‍ ഒരുകാലത്തും മറക്കില്ല. ഇരു രാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്നും ധ്രുവീകരിക്കപ്പെട്ട ലോകക്രമം പുനഃസ്ഥാപിക്കുന്നതിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്യുമെന്ന് പുടിൻ കത്തില്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം പുടിൻ ഉത്തരകൊറിയ സന്ദർശിച്ചപ്പോൾ ഇരു രാജ്യങ്ങളും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവെച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ അടുത്തുവരികയാണ്. ഏപ്രിലിലാണ് യുക്രെയ്നില്‍ റഷ്യൻ സൈന്യത്തോടൊപ്പം തങ്ങളുടെ സൈനികരുടെ ഒരു സംഘത്തെ വിന്യസിച്ചതായി ഉത്തരകൊറിയ ആദ്യമായി സ്ഥിരീകരിച്ചത്. 2024ൽ റഷ്യയിലെ കുർസ്ക് മേഖലയിലേക്ക് 10,000ത്തിലധികം സൈനികരെയും പീരങ്കി ഷെല്ലുകൾ, മിസൈലുകൾ, ദീർഘദൂര റോക്കറ്റ് സംവിധാനങ്ങൾ എന്നിവയും അയച്ചതായി ദക്ഷിണ കൊറിയൻ, പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചിരുന്നു. റഷ്യയ്ക്കുവേണ്ടി പോരാടി 600-ഓളം ഉത്തരകൊറിയൻ സൈനികർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകള്‍.
റഷ്യൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തോടൊപ്പമാണ് പുടിന്റെ കത്ത് പുറത്തുവരുന്നത്. യുക്രെയ്‌നിലേക്ക് "മികച്ച സൈനികരെ" അയച്ചതിന് റഷ്യന്‍ സ്പീക്കർ, കിമ്മിന് നന്ദി പറഞ്ഞുവെന്നാണ് കെസിഎൻഎ റിപ്പോർട്ട്.