ഭരണം മടുത്തു, സാമ്പത്തിക തകര്‍ച്ച, വിദേശ ഇടപെടല്‍ ?: ഇറാനില്‍ ജനം തെരുവിലിറങ്ങുന്നത് എന്തിന് !

ജൂൺ മാസത്തില്‍ പന്ത്രണ്ട് ദിവസം നീണ്ടുനിന്ന ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തിന്‍റെ ആഘാതത്തിൽ നിന്നും ഇറാൻ ഭരണകൂടം ഇപ്പോഴും മുക്തമായിട്ടില്ല, അതിനിടയിലാണ് തെരുവുകള്‍ സംഘര്‍ഷ ഭരിതമാകുന്നത്.
What is happening in Iran
What is happening in IranNews Malayalam
Published on
Updated on

പ്രക്ഷോഭത്തില്‍ കത്തുകയാണ് ഇറാന്‍. ഇറാൻ്റെ പരമോന്നത നേതാവിനെ പുറത്തിറക്കാന്‍ നടക്കുന്ന പ്രതിഷേധങ്ങലില്‍ കെട്ടിടങ്ങളും ബസ്സുകളും കടകളും അഗ്നിക്കിരയാക്കപ്പെട്ടിട്ടുണ്ട്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാൻ ഒരു യുദ്ധക്കളമായി മാറിയെന്നാണ് വിവരം.

ജൂൺ മാസത്തില്‍ പന്ത്രണ്ട് ദിവസം നീണ്ടുനിന്ന ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തിന്‍റെ ആഘാതത്തിൽ നിന്നും ഇറാൻ ഭരണകൂടം ഇപ്പോഴും മുക്തമായിട്ടില്ല, അതിനിടയിലാണ് തെരുവുകള്‍ സംഘര്‍ഷ ഭരിതമാകുന്നത്. അന്നത്തെ സംഘർഷത്തിനിടെ അമേരിക്കൻ സൈന്യം ഇറാന്റെ ആണവ നിലയങ്ങളിൽ ബോംബാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രാജ്യത്ത് ആഭ്യന്തര അശാന്തി പടരുന്നത്.

രാജ്യവ്യാപക പ്രക്ഷോഭം

കാസ്പിയൻ കടൽ തുറമുഖ നഗരമായ രാഷ്ടിലെ ഷരിയത്തി സ്ട്രീറ്റിലെ തീപിടുത്തത്തിന് സാക്ഷിയായ ഒരു ഇറാനിയൻ മാധ്യമപ്രവർത്തകൻ പറഞ്ഞത് ദ ഇന്‍ഡിപെന്‍ഡന്‍സിനോട് പറഞ്ഞത് "ഇതൊരു യുദ്ധഭൂമി പോലെ തോന്നിക്കുന്നു – ഇവിടുത്തെ എല്ലാ കടകളും നശിപ്പിക്കപ്പെട്ടിരിക്കുന്നു."

അതായത് ചെറുപട്ടണങ്ങളിലേക്ക് പോലും പ്രതിഷേധം വ്യാപിക്കുന്നുണ്ട്. 2022-ലെ പ്രതിഷേധങ്ങൾ വമ്പിച്ച തോതിലുള്ളതായിരുന്നുവെങ്കിലും, ഇപ്പോഴത്തെ പ്രതിഷേധം ഇറാനില്‍ വ്യാപകമായി കാണുന്നു എന്നതാണ് പ്രത്യേകത. മുമ്പ് ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടാകാത്ത ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉൾപ്പെടെ, ആകെയുള്ള 31 പ്രവിശ്യകളിലെ 185-ലധികം നഗരങ്ങളിൽ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പ്രതിഷേധം വ്യാപകമായി പടരുന്നത് തടയാൻ സുരക്ഷാ സേനയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി (HRANA) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സർക്കാരിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ പതിനഞ്ചാം ദിവസമായ ഞായറാഴ്ചയോടെ 186 നഗരങ്ങളിലായി 585 ഇടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി എന്നാണ് പറയുന്നത്.

എന്നാല്‍ പ്രക്ഷോഭത്തിനെതിരെ ഇറാന്‍ ഭരണകൂടവും ശക്തമായ നടപടിയാണ് എടുത്തിരിക്കുന്നത്. ഇതിനോടകം കുറഞ്ഞത് 10,681 പേരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എട്ട് കുട്ടികൾ ഉൾപ്പെടെ 483 പ്രതിഷേധക്കാരടക്കം ആകെ 544 പേർ കൊല്ലപ്പെട്ടതായും കണക്കുകള്‍ പറയുന്നു.

പ്രതിഷേധ ആഹ്വാനങ്ങള്‍ ശക്തമായതോടെ വ്യാഴാഴ്ച രാജ്യമൊട്ടാകെ ഇൻ്റർനെറ്റ് വിച്ഛേദിക്കാൻ ഇറാൻ തീരുമാനിച്ചിരുന്നു. ഇതോടെ മരണസംഖ്യ തിട്ടപ്പെടുത്തുന്നതും പ്രതിഷേധങ്ങളുടെ വ്യാപ്തി നിരീക്ഷിക്കുന്നതും ദുഷ്കരമായിരിക്കുകയാണ്. ഓൺലൈനിൽ ലഭ്യമാകുന്ന വീഡിയോകളിൽ തെരുവിലെ ആളുകളുടെ അവ്യക്തമായ ദൃശ്യങ്ങളോ വെടിയൊച്ചകളോ മാത്രമാണ് കാണാൻ കഴിയുന്നത്.

കൂടാതെ, ഇറാനിലെ മാധ്യമപ്രവർത്തകർ രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട് എന്ന ഉത്തരവും വന്നിട്ടുണ്ട്. അതോടൊപ്പം അധികാരികളിൽ നിന്നുള്ള പീഡനങ്ങളും അറസ്റ്റ് ഭീഷണികളും കാരണം റിപ്പോർട്ടിംഗിന് വലിയ പരിമിതികളും ഉണ്ടെന്നാണ് ചില വിദേശ മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്.

സാമ്പത്തിക തകര്‍ച്ച പുകഞ്ഞ് പ്രതിഷേധമായപ്പോള്‍

ഇറാനിയൻ റിയാലിന്‍റെ മൂല്യം അമേരിക്കൻ ഡോളറിന് 1.42 ദശലക്ഷം എന്ന റെക്കോർഡ് താഴ്ചയിലേക്ക് പതിച്ചതോടെ ഡിസംബർ 28-ന് ടെഹ്‌റാൻ നഗരമധ്യത്തിലെ രണ്ട് പ്രധാന വിപണികളിൽ കച്ചവടക്കാരായ 'ബസാറികള്‍' പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതാണ് പിന്നീട് ദേശീയ തല പ്രക്ഷോഭമായി വളര്‍ന്ന്. ഇസ്ലാമിക വിപ്ലവകാലത്ത് പോലും ഇറാന്‍ ഭരണകൂടത്തോട് വിശ്വാസ്ത പുലര്‍ത്തിയ വിഭാഗം ആയിരുന്നു ബസാറികള്‍. റിയാലിന്റെ തകർച്ച ഇറാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഇറച്ചി, അരി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നു. രാജ്യം നിലവിൽ ഏകദേശം 40 ശതമാനം വാർഷിക പണപ്പെരുപ്പ നിരക്കിനെ നേരിടുകയാണ്.

ഡിസംബറിൽ, സബ്‌സിഡി നൽകുന്ന പെട്രോളിന് ഇറാൻ പുതിയ വില നിര്‍ണയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന ഇന്ധനത്തിന്റെ വില വർദ്ധിപ്പിച്ചത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. ഓരോ മൂന്ന് മാസം കൂടുമ്പോഴും വില പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചതോടെ, വരും ദിവസങ്ങളിൽ ഇന്ധനവില ഇനിയും വർദ്ധിച്ചേക്കാം. അതേസമയം, മരുന്നും ഗോതമ്പും ഒഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും നൽകിയിരുന്ന പ്രത്യേക ഡോളർ-റിയാൽ വിനിമയ നിരക്ക് സെൻട്രൽ ബാങ്ക് നിർത്തലാക്കിയതോടെ ഭക്ഷണസാധനങ്ങളുടെ വിലയും കുത്തനെ ഉയരുമെന്ന് കരുതപ്പെടുന്നു.

തുടക്കത്തിൽ സാമ്പത്തിക പ്രശ്നങ്ങളിലൂന്നിയായിരുന്നു പ്രതിഷേധമെങ്കിലും, വൈകാതെ തന്നെ സമരക്കാർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്താൻ തുടങ്ങി. പ്രത്യേകിച്ച് 2022-ൽ 22 വയസ്സുകാരിയായ മഹ്സ അമിനി പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് വർഷങ്ങളായി ജനങ്ങൾക്കിടയിൽ അമർഷം പുകയുകയായിരുന്നു. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് 'മൊറാലിറ്റി പോലീസ്' അറസ്റ്റ് ചെയ്ത അമിനി ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. അന്ന് അത് വലിയ ജനകീയ പ്രശ്നമായി ഉയര്‍ന്നതോടെ മതപൊലീസിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഇറാന്‍ ഇതിനെ തണുപ്പിച്ചത്.

ഇറാനില്‍ ഇന്‍റര്‍നെറ്റ് ബ്ലാക്ഔട്ട്

ലോകത്തെ ഇന്‍റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് നിരീക്ഷണ ഏജന്‍സിയായ നെറ്റ്‌ബ്ലോക്‌സിന്റെ (Netblocks) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച ഇറാനിലുടനീളം ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ വിദേശത്തുള്ള ഇറാനികൾക്ക് തങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നില്ല.

"ഇറാൻ ഇപ്പോൾ രാജ്യവ്യാപകമായ ഇന്റർനെറ്റ് ബ്ലാക്കൗട്ടിലാണെന്ന് ലൈവ് കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള പ്രതിഷേധങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ഡിജിറ്റൽ സെൻസർഷിപ്പ് കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നിർണ്ണായകമായ ഒരു ഘട്ടത്തിൽ ആശയവിനിമയം നടത്താനുള്ള ജനങ്ങളുടെ അവകാശത്തെ ഇത് തടസ്സപ്പെടുത്തുന്നു." നെറ്റ്‌ബ്ലോക്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു

രാജ്യത്തെ കണക്റ്റിവിറ്റി സാധാരണ നിലയുടെ 1 ശതമാനമായി താഴ്ന്നു, ഇതോടെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകത്ത് എത്തുന്നത് നിലച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് ഇറാന്റെ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത് തുടരുകയാണ് അതോടൊപ്പം തന്നെ മനുഷ്യാവകാശ സംഘടനകൾ മരണസംഖ്യയുടെ പുതുക്കിയ കണക്കുകൾ പ്രസിദ്ധീകരിക്കുന്നുമുണ്ട്.

ഇറാന്‍ ഭരണകൂടം പറയുന്നത്

വെള്ളിയാഴ്ചത്തെ തന്‍റെ പ്രസംഗത്തിൽ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കണ്ട് ഇസ്‌ലാമിക് റിപ്പബ്ലിക് "പിന്നോട്ട് പോകില്ലെന്ന്" ഇറാൻ്റെ പരമോന്നത നേതാവി ഖമേനി തറപ്പിച്ചു പറഞ്ഞു. "വിദേശ ശക്തികൾക്ക് വേണ്ടി ജോലി ചെയ്യുന്ന കൂലിപ്പടയാളികളെ ഇസ്‌ലാമിക് റിപ്പബ്ലിക് വെച്ചുപൊറുപ്പിക്കില്ല" അദ്ദേഹം തുടർന്നു. "നിങ്ങളുടെ സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. ലക്ഷക്കണക്കിന് മാന്യരായ മനുഷ്യരുടെ രക്തം ചിന്തിയാണ് ഇസ്‌ലാമിക് റിപ്പബ്ലിക് അധികാരത്തിൽ വന്നതെന്ന് എല്ലാവരും അറിയണം, അട്ടിമറിക്കാർക്ക് മുന്നിൽ അത് പിന്നോട്ട് പോകില്ല." യുഎസ് പ്രസിഡന്‍റ് പ്രസിഡന്റ് ട്രംപിനോട് ഖമേനി പറഞ്ഞു.

പ്രതിഷേധങ്ങളെക്കുറിച്ച് പരാമർശിച്ച ഇറാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ടെന്ന് സമ്മതിച്ചുവെങ്കിലും അതിൽ പങ്കെടുക്കുന്നവരെ "ദൈവത്തിന്റെ ശത്രുക്കൾ" ആയി കണക്കാക്കുമെന്ന് മുന്നറിയിപ്പ് നൽകി, ഒപ്പം ഇത്തരം പ്രതിഷേധങ്ങള്‍ ഇറാനിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും പറയുന്നു.

ശനിയാഴ്ച സർക്കാർ ടെലിവിഷനിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ, മുമ്പും പ്രക്ഷോഭങ്ങളെ നേരിട്ടിട്ടുണ്ടെന്നും. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെയും , സര്‍ക്കാര്‍ കേന്ദ്രങ്ങളെ "ഭീകരർ" ലക്ഷ്യം വയ്ക്കുന്നതായി ആരോപിച്ചു. നിരവധി സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായും പൊതു സ്വകാര്യ സ്വത്തുക്കൾക്ക് തീയിട്ടതായും പ്രസ്താവനയിൽ പറയുന്നു.

ഇറാന്‍റെ സഖ്യകക്ഷികളുടെ നിലപാട്

2003-ൽ അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന ഇറാഖ് അധിനിവേശത്തിന് ശേഷം ഇറാന്‍ പശ്ചിമേഷ്യയില്‍ ഒരി "പ്രതിരോധ അച്ചുതണ്ട്" (Axis of Resistance) ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോൾ അത് തകർച്ചയുടെ വക്കിലാണ്. ഗാസയിലെ വിനാശകരമായ യുദ്ധത്തിലൂടെ ഇസ്രായേൽ ഹമാസിനെ തകർത്തു കഴിഞ്ഞു. ലെബനനിലെ ഷിയാ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ഉന്നത നേതൃത്വം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

സിറിയയിൽ ഇറാന്റെ ദീർഘകാല വിശ്വസ്ത സഖ്യകക്ഷിയായിരുന്ന പ്രസിഡന്റ് ബാഷർ അൽ അസദ് 2024 ഡിസംബറിലെ മിന്നൽ ആക്രമണത്തിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. വർഷങ്ങളോളം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിനൊടുവിലായിരുന്നു ഇത്. യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും ഇസ്രായേലിന്റെയും അമേരിക്കയുടെയും വ്യോമാക്രമണങ്ങളിൽ തകർന്നിരിക്കുകയാണ്.

അതേസമയം ചൈന ഇറാന്റെ അസംസ്‌കൃത എണ്ണയുടെ പ്രധാന ഉപയോക്താക്കളായി തുടരുന്നുണ്ടെങ്കിലും നേരിട്ടുള്ള സൈനിക പിന്തുണ ഇതുവരെ നൽകിയിട്ടില്ല. റഷ്യയുടെ കാര്യവും സമാനമാണ് എന്ന് പറയാം.

ഇറാന്റെ ആണവശേഷിക്ക് എന്ത് അർത്ഥം?

തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്ന് ദശകങ്ങളായി ഇറാൻ ആവർത്തിക്കുന്നുണ്ട്. എങ്കിലും, ആണവായുധങ്ങൾ കയ്യിലുള്ളത് സുരക്ഷയാണ് എന്നത് ഇറാന്‍റെ ബോധ്യമാണ്. പ്രത്യേകിച്ച് വെനുസ്വലയില്‍ അടക്കം നടന്ന നീക്കം ഇറാന് വലിയ മുന്നറിയിപ്പാണ്. ജൂണിലെ അമേരിക്കൻ ആക്രമണത്തിന് മുമ്പ് ഇറാൻ യുറേനിയം സമ്പുഷ്ടീകരണം ആയുധ നിർമ്മാണത്തിന് ആവശ്യമായ നിലവാരത്തിന് തൊട്ടടുത്ത് വരെ എത്തിച്ചിരുന്നു എന്നാണ് യുഎസ് വൃത്തങ്ങള്‍ ആരോപിക്കുന്നത്.

ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കം മുറുകിയതോടെ ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഐ.എ.ഇ.എ (IAEA) യുമായുള്ള സഹകരണം ഇറാൻ കുറച്ചുകൊണ്ടുവന്നു. ഇറാൻ ആയുധ നിർമ്മാണത്തിന് തീരുമാനിച്ചാൽ പത്തോളം ആണവ ബോംബുകൾ നിർമ്മിക്കാൻ അവർക്ക് സാധിക്കുമെന്ന് ഐ.എ.ഇ.എ ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാൻ ഇതുവരെ ഔദ്യോഗികമായി ആയുധ നിർമ്മാണം തുടങ്ങിയിട്ടില്ലെന്നും എന്നാൽ ആഗ്രഹിച്ചാൽ ഒരു ആണവ ഉപകരണം നിർമ്മിക്കാൻ പ്രാപ്തമാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അവർ നടത്തിയിട്ടുണ്ടെന്നുമാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ വന്നത്. എന്നാല്‍ പരസ്യമായി ഇറാന്‍ ഇത് ഒരിക്കലും അംഗീകരിച്ചിട്ടില്ല.

ഉപരോധങ്ങളിൽ ഇളവ് ലഭിക്കുന്നതിനായി ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾക്ക് തയ്യാറാണെന്ന സൂചന നൽകിക്കൊണ്ട്, രാജ്യത്തെ ഒരിടത്തും ഇപ്പോൾ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നില്ലെന്ന് ഇറാൻ അടുത്തിടെ പ്രസ്താവിച്ചിരുന്നു. എന്നാൽ ജൂണിലെ യുദ്ധത്തിന് ശേഷം ഇതുവരെ കാര്യമായ ചർച്ചകളൊന്നും നടന്നിട്ടില്ല.

ട്രംപ്, അമേരിക്ക, ഇസ്രായേൽ എന്നിവർക്ക് ഇതിൽ പങ്കുണ്ടോ?

അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നുമുള്ള "ഭീകര ഏജന്റുമാരാണ്" ഇപ്പോഴത്തെ രാജ്യവ്യാപക പ്രതിഷേധനത്തിന് പിന്നിലെന്ന് ഇറാനിയൻ അധികൃതർ കുറ്റപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ "അട്ടിമറിക്കാർ" എന്ന് വിളിച്ച ആയത്തൊള്ള ഖമേനി അവർ "മറ്റൊരു രാജ്യത്തെ പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ സ്വന്തം തെരുവുകൾ നശിപ്പിക്കുകയാണെന്ന്" വെള്ളിയാഴ്ചത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഇറാൻ അക്രമിച്ചാൽ അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ ദീർഘകാല സഖ്യകക്ഷിയായിരുന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ പിടിക്കപ്പെട്ടതോടെ ഈ ഭീഷണിക്ക് പുതിയ മാനങ്ങൾ ലഭിച്ചു. ശനിയാഴ്ച, പ്രതിഷേധിക്കുന്ന ഇറാനികളെ സഹായിക്കാൻ അമേരിക്ക സന്നദ്ധമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് താരീഫ് ഉയര്‍ത്തും എന്നതാണ് ട്രംപിന്‍റെ പുതിയ ഭീഷണി.

ഇറാനെ ആക്രമിക്കുന്നതിനുള്ള പദ്ധതികള്‍ യുഎസ് സൈന്യം ഇതിനകം ട്രംപിന് മുന്നിൽ സമർപ്പിച്ചുവെന്നും എന്നാൽ അദ്ദേഹം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ന്യൂയോർക്ക് ടൈംസും വാൾസ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് മറുപടിയായി അമേരിക്ക ഇറാനെ ആക്രമിച്ചാൽ അമേരിക്കൻ സൈന്യവും ഇസ്രായേലും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളായിരിക്കുമെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് മുന്നറിയിപ്പ് നൽകിയിരുന്നു. "ആക്രമണം നടന്നാൽ ഈ മേഖലയിലെ എല്ലാ അമേരിക്കൻ സൈനിക കേന്ദ്രങ്ങളും കപ്പലുകളും ആക്രമിക്കപ്പെടും" അദ്ദേഹം പറഞ്ഞു.

ദശകങ്ങൾക്ക് മുമ്പ് ഷാ മുഹമ്മദ് റേസ പഹ്‌ലവിയുടെ ഭരണകാലത്ത് മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളിലൊന്നായിരുന്നു ഇറാൻ. അന്ന് അമേരിക്കൻ ആയുധങ്ങൾ വാങ്ങാനും സോവിയറ്റ് യൂണിയനെ നിരീക്ഷിക്കാൻ സി.ഐ.എയ്ക്ക് രഹസ്യ കേന്ദ്രങ്ങൾ ഒരുക്കാനും ഷാ അനുവദിച്ചിരുന്നു.

അതേ സമയം ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ സി.ഐ.എ ഏജന്‍റുമാരും, മൊസാദ് ഏജന്‍റുമാരും ഉണ്ടെന്നാണ് ഇറാന്‍റെ മറ്റൊരു ആരോപണം. 1953-ൽ സി.ഐ.എ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് ഷായുടെ ഭരണം ഇറാനിൽ ഉറപ്പിക്കപ്പെട്ടത്. എന്നാൽ 1979 ജനുവരിയിൽ ഷായുടെ ഭരണത്തിനെതിരെ വൻജനകീയ പ്രക്ഷോഭം ഉയർന്നതോടെ അദ്ദേഹം ഇറാനിൽ നിന്നും പലായനം ചെയ്തു. ഇതിനുപിന്നാലെ ആയത്തൊള്ള റൂഹൊള്ള ഖൊമേനിയുടെ നേതൃത്വത്തിൽ നടന്ന ഇസ്‌ലാമിക് വിപ്ലവം ഇറാനിൽ ഒരു മതധിപത്യ ഭരണകൂടം സൃഷ്ടിച്ചു.

അതേ വർഷം അവസാനം ഷായെ വിട്ടുതരണമെന്നാവശ്യപ്പെട്ട് സർവകലാശാലാ വിദ്യാർത്ഥികൾ ടെഹ്‌റാനിലെ അമേരിക്കൻ എംബസി പിടിച്ചെടുത്തു. ഇത് 444 ദിവസം നീണ്ടുനിന്ന ബന്ദി പ്രതിസന്ധിക്ക് കാരണമാവുകയും അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.

1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധസമയത്ത് അമേരിക്ക സദ്ദാം ഹുസൈനെയാണ് പിന്തുണച്ചത്. ആ സംഘർഷത്തിനിടയിൽ, "ടാങ്കർ യുദ്ധം" എന്ന് വിളിക്കപ്പെടുന്ന നടപടിയുടെ ഭാഗമായി അമേരിക്ക നടത്തിയ ഏകദിന ആക്രമണം ഇറാന്റെ നാവികശേഷിയെ സാരമായി ബാധിച്ചിരുന്നു. പിന്നീട്, ഒരു ഇറാനിയൻ യാത്രാവിമാനം യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ച് അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതും വലിയ വാര്‍ത്തയായിരുന്നു. എന്തായാലും ഇറാനിലെ എന്തൊരു നീക്കത്തിന് പിന്നിലും ഒരു യുഎസ് കൈ ഉണ്ടോ എന്ന സംശയം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒന്നാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com