
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഒന്നിച്ചിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ട്രംപിന്റെ മടിയില്‍ ഒരു ഫോണും അതില്‍ നിന്ന് ഒരു കുറിപ്പ് കൈയ്യില്‍ പിടിച്ച് ഫോണ്‍ ചെയ്യുന്ന നെതന്യാഹുവുമാണ് വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രത്തിലുള്ളത്. ഖത്തറിനോട് നെതന്യാഹു മാപ്പു പറഞ്ഞതുമായി ബന്ധപ്പെട്ടാണ് ഈ ചിത്രം പ്രചരിക്കുന്നതെന്നാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ.
ഖത്തറിനോട് നെതന്യാഹു മാപ്പ് പറഞ്ഞത് പിടിച്ചിരുത്തി ചെയ്യിച്ചതാണോ എന്നാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ ഓവൽ ഓഫീസിൽ നിന്നും എടുത്തതാണെന്നാണ് ഈ ചിത്രം എന്നാണ് പുറത്തുവരുന്ന വിവരം.
ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. സമാധാന ചര്‍ച്ചകള്‍ക്കായി എത്തിയ നേതാക്കളെയായിരുന്നു ഇസ്രയേല്‍ ആക്രമിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ഖത്തറിന് നേരെയുണ്ടായ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു ഖേദം പ്രകടിപ്പിച്ചിരുന്നു. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുമായി ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നാണ് സൂചന.
ഖത്തറിനോട് മാപ്പ് പറയാന്‍ നെതന്യാഹുവിന് മേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തിയെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
സെപ്തംബര്‍ ഒന്‍പതിനാണ് ദോഹയിലെ ലഗ്താഫിയയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹമാസ് നേതാവിന്റെ മകനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് നേര്‍ക്കാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രയേല്‍ വാദം.