

വാഷിങ്ടൺ: ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച പീസ് ബോർഡിൽ ഒരു ഇന്ത്യൻ വംശജനും. ഇസ്രയേലും ഹമാസും തമ്മിലുള്ള തുറന്ന പോരാട്ടങ്ങൾക്കൊടുവിൽ 2025 ഒക്ടോബറിലാണ് ആദ്യത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ട്രംപ് അധ്യക്ഷനാകുന്ന പീസ് ബോർഡിൽ പങ്കെടുക്കാൻ പോകുന്നത് വേൾഡ് ബാങ്ക് ഗ്രൂപ്പിൻ്റെ പ്രസിഡൻ്റായ അജയ് ബംഗയാണ്.
വേൾഡ് ബാങ്ക് ഗ്രൂപ്പിൻ്റെ പതിനാലാമത്തെ പ്രസിഡൻ്റാണ് അജയ് ബംഗ. 2023 ഫെബ്രുവരിയിൽ ലോക ബാങ്കിൻ്റെ തലപ്പത്തേക്ക് ബംഗയെ നിർദേശിച്ചത് മുൻ യുഎസ് പ്രസിഡൻ്റായിരുന്ന ജോ ബൈഡൻ ആയിരുന്നു. അഞ്ച് വർഷ കാലയളവിലുള്ള നിയമനം 2023 മെയ് മാസത്തിലാണ് സ്ഥിരീകരിച്ചത്. പിന്നാലെ ജൂൺ 2ന് ലോക ബാങ്ക് ഗ്രൂപ്പിൻ്റെ പ്രസിഡൻ്റായി അജയ് ബംഗ ചുമതലയേറ്റു.
വേൾഡ് ബാങ്ക് ഗ്രൂപ്പിൻ്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ പറയുന്നത് പോലെ, 80 വർഷത്തിലേറെ പഴക്കമുള്ള സ്ഥാപനത്തെ കൂടുതൽ ഊർജസ്വലമായും ധ്രുതഗതിയിലും ഗുണപരമായും മുന്നോട്ടു കൊണ്ടുപോകാനുള്ള ഉദ്യമത്തിൽ അജയ് ബംഗയുടെ പങ്ക് നിസ്തുലമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ലോക ബാങ്കിൽ കാലാനുസൃതമായ നിരവധി പരിഷ്കാരങ്ങളും ബങ്കയ്ക്ക് കീഴിൽ വരുത്തുകയുണ്ടായി. സ്ഥാപനത്തിൻ്റെ വായ്പാ ശേഷി വർധിപ്പിക്കുക, പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, പ്രായോഗികവും ഫലപ്രദവുമായ വികസന പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ പരിഷ്കാരങ്ങളാണ് അദ്ദേഹം ആരംഭിച്ചത്.
1959 നവംബർ 10ന് മഹാരാഷ്ട്രയിലെ ഒരു ചെറിയ പട്ടണമായ ഖഡ്കിയിൽ, ഒരു സിഖ് കുടുംബത്തിലാണ് അജയ് ബംഗ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. 1981 ൽ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബാച്ചിലർ ഓഫ് ആർട്സ് (ഓണേഴ്സ്) പൂർത്തിയാക്കിയ ബംഗ, അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.
ലോക ബാങ്ക് ഗ്രൂപ്പിൽ ചേരുന്നതിന് മുമ്പ് ബംഗ ജനറൽ അറ്റ്ലാൻ്റിക്കിൽ വൈസ് ചെയർമാനായിരുന്നു. അതിന് മുമ്പ് മാസ്റ്റർ കാർഡിൻ്റെ പ്രസിഡൻ്റും ചീഫ് എക്സിക്യൂട്ടീവുമായി സേവനമനുഷ്ഠിച്ചു. മാസ്റ്റർ കാർഡിലെ തൻ്റെ കാലത്ത്, ഏകദേശം 24,000 പേരടങ്ങുന്ന ആഗോള തൊഴിൽ ശക്തിയെ അദ്ദേഹം നയിച്ചിരുന്നു. തുല്യവും സുസ്ഥിരവുമായ സാമ്പത്തിക അവസരം പ്രോത്സാഹിപ്പിക്കുന്നതിനായി 'മാസ്റ്റർ കാർഡ് സെൻ്റർ ഫോർ ഇൻക്ലൂസീവ് ഗ്രോത്തും' അദ്ദേഹം സ്ഥാപിച്ചു.
ബംഗയുടെ നേതൃപാടവം കോർപ്പറേറ്റ് ലോകത്തിനപ്പുറത്തേക്ക് വ്യാപിച്ച് കിടക്കുന്നതാണ്. 2020 മുതൽ 2022 വരെ ഇൻ്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ ചെയർമാനായിരുന്നു അദ്ദേഹം. അമേരിക്കൻ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്‌സ്, ഡൗ ഇൻകോർപ്പറേറ്റഡ് എന്നിവ ഉൾപ്പെടെയുള്ള സംഘടനകളുടെ ബോർഡുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈബർ റെഡിനെസ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സഹസ്ഥാപകൻ കൂടിയാണ് അദ്ദേഹം.
ഇന്ത്യൻ വംശജനായ ബംഗയുടെ സംഭാവനകൾ അന്താരാഷ്ട്ര തലത്തിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 2022ൽ സിംഗപ്പൂർ പബ്ലിക് സർവീസ് സ്റ്റാർ, 2016ൽ ഇന്ത്യൻ രാഷ്ട്രപതി നൽകിയ പത്മശ്രീ, 2012ൽ ഫോറിൻ പോളിസി അസോസിയേഷൻ മെഡൽ, എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ എന്നിവ ഉൾപ്പെടെയുള്ള ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.