
'ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിതാന്തമായ പരിശ്രമം, ഏകാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ മാറ്റത്തിനായുള്ള പോരാട്ടം,' എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് 2025ലെ സമാധാനത്തിനുള്ള പുരസ്‌കാരത്തിനായി മരിയ കൊറീന മച്ചാഡോയെ തെരഞ്ഞെടുത്തതെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി പറയുന്നു.
കമ്മിറ്റി മരിയയുടെ പേര് പ്രഖ്യാപിക്കുമ്പോള്‍ പറഞ്ഞതിങ്ങനെയാണ്;'' ധീരവും അര്‍പ്പണ ബോധവുമുള്ള ചാംപ്യനായ, ഇരുട്ട് പരക്കുന്നതിനിടെ ജനാധിപത്യത്തിന്റെ വെളിച്ച കാത്തു സൂക്ഷിക്കുന്ന യുവതിക്കാണ് 2025ലെ സമാധാനത്തിനായുള്ള പുരസ്‌കാരം നല്‍കുന്നത്.
വെനസ്വേലയിലെ പ്രതിപക്ഷ നേതാവും വെനസ്വേലന്‍ സര്‍ക്കാരിനെതിരായ രാഷ്ട്രീയ പോരാട്ടം നയിക്കുകയും ചെയ്യുന്ന രാഷ്ട്രീയ മുഖമാണ് മരിയ. നിക്കോളാസ് മഡൂറോയുടെ 'ഏകാധിപത്യ ഭരണ'ത്തിനെതിരെയാണ് മരിയയുടെ പോരാട്ടം.
വെനസ്വേലയുടെ ലിബറല്‍ രാഷ്ട്രീയ പാര്‍ട്ടിയായ വെന്റെ വെനസ്വേലയുടെ ദേശീയ കോഡിനേറ്റര്‍ ആണ് മരിയ കൊരീന. സ്വതന്ത്ര തെരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്ന കൂട്ടായ്മയായ സുമാതേയ്ക്ക് രൂപം കൊടുക്കുന്നതിലും മരിയയ്ക്ക് പങ്കുണ്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ 2024ല്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ടു.
2018ലെ ഏറ്റവും കൂടുതല്‍ ആളുകളെ സ്വാധീനിച്ച ബിബിസിയുടെ 100 വനിതകളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. 2024ല്‍ ചാള്‍സ് ടി മാനറ്റ് പ്രൈസ് നേടി, 20215ല്‍ ലിബേര്‍ടാഡ് കോര്‍ട്ടേസ് ഡേ കാഡിസ് അവാര്‍ഡ് നേടി, 2019ല്‍ ലിബറല്‍ ഇന്റര്‍നാഷണല്‍ ഫ്രീഡം അവാര്‍ഡിനും അര്‍ഹയായി.
വെനസ്വേലയുടെ എണ്ണ വ്യവസായത്തെ സ്വകാര്യ വല്‍ക്കരണത്തെ പിന്തുണയ്ക്കുന്നയാളാണ് മരിയ. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നതിനെയും അവര്‍ പിന്തുണയ്ക്കുന്നു.
എന്നാല്‍ പുരസ്‌കാരം നേടിയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് മരിയയുടെ ഇസ്രയേലുമായുള്ള അടുപ്പമാണ്. വെനസ്വേലന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മരിയ ഇസ്രയേല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
'ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ വെനസ്വേലന്‍ എംബസി ജെറുസലേമിലേക്ക് മാറ്റും. ഇത് ഇസ്രയേലിനുള്ള പിന്തുണയുടെ ഭാഗമാണ്,' എന്നുമാണ് അഭിമുഖത്തില്‍ മരിയ കൊരീന മച്ചാഡോ പറയുന്നത്. ഗാസയില്‍ കുഞ്ഞുങ്ങളെ അടക്കം വംശഹത്യ നടത്തിയ ഇസ്രയേലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചയാള്‍ക്കാണോ സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കുന്നതെന്ന് സോഷ്യല്‍ മീഡിയകളിലടക്കം ചര്‍ച്ചകളും വിമര്‍ശനങ്ങളും പുരോഗമിക്കുന്നുണ്ട്.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിക്കോളാസ് മഡുറോ വിജയിച്ചതായി തെരഞ്ഞെടുപ്പ് കൗണ്‍സില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് പ്രകടമാക്കിയിരുന്നു. മഡൂറോയ്‌ക്കെതിരെ മത്സരിച്ച എഡ്മുണ്ടോ ഗോണ്‍സാല്‍വസ് ആണ് യഥാര്‍ഥ വിജയി എന്നും അത് തെളിയിക്കുന്ന രേഖകള്‍ കൈയ്യില്‍ ഉണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനിടെ വെനസ്വേലയില്‍ ഭരണമാറ്റം കൊണ്ടുവരാന്‍ മരിയ സഹായം തേടിയത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടാണ്.
ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തയച്ചുകൊണ്ടാണ് മരിയ സഹായം അഭ്യര്‍ഥിച്ചത്. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രയേലിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ പ്രതികരണം. മരിയയുടേതടക്കമുള്ള പാര്‍ട്ടികളെ തീവ്ര വലതുപക്ഷ പാര്‍ട്ടിയെന്നും അത്തരം പാര്‍ട്ടികള്‍ക്ക് ഇസ്രയേല്‍ സാമ്പത്തിക സഹായം നല്‍കുന്നുവെന്നും അക്രമാസക്തമായ രീതികളില്‍ പരിശീലനം നല്‍കുന്നുവെന്നും വെനസ്വേലന്‍ വിദേശകാര്യമന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു.