17ാം വയസിൽ അഞ്ച് ലക്ഷം ഫോളോവേഴ്സ്; ആരാണ് പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ച സന യൂസഫ്?

പാകിസ്ഥാനിൽ സ്ത്രീ ഇൻഫ്ലുവെൻസർമാർക്കെതിരെ അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സനയുടെ കൊലപാതകം ചർച്ചയാവുന്നത്
Sana Yousaf pakistan influencer
സന യൂസഫ്Source: Instagram/ sanayousaf22
Published on

പാകിസ്ഥാൻ ഇൻഫ്ലുവൻസർ സന യൂസഫിൻ്റെ കൊലപാതകത്തിൻ്റെ ഞെട്ടലിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഇന്നലെ വൈകീട്ടോടെയാണ് 17കാരിയായ സനയെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത ബന്ധു തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പാക് മാധ്യമമായ സാമ ടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സന യൂസഫിൻ്റെ മരണം ഉൾക്കൊള്ളാൻ ആരാധകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ടിക് ടോക്ക് വീഡിയോകളിലൂടെയാണ് സന സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. പാകിസ്ഥാനിലെ ചിത്രാലിൽ ജനിച്ചു വളർന്ന സന, അവിടുത്തെ പാരമ്പര്യം, സ്ത്രീകളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചായിരുന്നു വീഡിയോകളിൽ സംസാരിച്ചിരുന്നത്. ഇതിന് വലിയ ആരാധകരമുണ്ടായിരുന്നു. ഒരു സാമൂഹിക പ്രവർത്തകൻ കൂടിയായ അച്ഛൻ യൂസഫും സനയ്ക്ക് പൂർണ പിന്തുണ നൽകികൊണ്ട് ഒപ്പമുണ്ടായിരുന്നു.

സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും സന തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചു. ജെൻ സീ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള തമാശരൂപേണയുള്ള റീലുകളും സന യൂസഫിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കാണാം. സനയുടെ കൊലപാതകത്തിന് പിന്നിലെ കുറ്റവാളിയെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഇന്നലെ വൈകീട്ടാണ് സംഭവം. ഖൈബർ പഖ്‌തൂൺഖ്വയിലെ അപ്പർ ചിത്രാൽ നിവാസിയായ സനയെ കൊലയാളി വീടിന് പുറത്ത് വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. തുടർന്നാണ് ഇയാൾ വീട്ടിനകത്ത് കയറി വെടിയുതിർത്തത്. കൊലപാതകത്തിന് ശേഷം ഇയാൾ സ്ഥലം വിട്ടെന്നും പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. പോസ്റ്റുമാർട്ടം നടപടികൾക്കായി സനയുടെ മൃതദേഹം പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുരഭിമാന കൊലയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

പാകിസ്ഥാനിൽ സ്ത്രീ ഇൻഫ്ലുവെൻസർമാർക്കെതിരെ അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സനയുടെ കൊലപാതകം ചർച്ചയാവുന്നത്. ഈ വർഷം തുടക്കത്തിൽ ടിക് ടോക്കിൽ വീഡിയോകൾ പോസ്റ്റ് ചെയ്ത 15 വയസ്സുകാരിയെ അച്ഛനും അമ്മാവനും ചേർന്ന് വെടിവച്ചു കൊന്നിരുന്നു. തുടർന്ന് കുറ്റസമ്മതം നടത്തിയ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com