കീവ്: റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈയിനിൽ പുതിയ പ്രധാനമന്ത്രി അധികാരം ഏറ്റു. യുക്രെയിന്റെ ചരിത്രത്തിൽ നിർണായകമായ ഒരു ഘട്ടത്തിലാണ് 39-കാരിയായ യൂലിയ സ്വൈറിഡെങ്കോ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റിരിക്കുന്നത്. റഷ്യയുമായുള്ള യുദ്ധം മൂന്നര വർഷം പിന്നിടുമ്പോൾ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവനം നേടാനും ആഭ്യന്തര ആയുധ ഉൽപ്പാദനം 50 ശതമാനമായി ഉയർത്താനും പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി യൂലിയയെ ചുമതലപ്പെടുത്തിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
1985 ഡിസംബർ 25-ന് ചെർനിഹിവിൽ ജനിച്ച യൂലിയ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയാണ്. 2008-ൽ കീവ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ട്രേഡ് ആൻഡ് ഇക്കണോമിക്സിൽ നിന്ന് ആന്റിമോണോപോളി മാനേജ്മെന്റിൽ ബിരുദം നേടിയ അവർ തന്റെ കരിയർ ഒരു യുക്രെയ്‌നിയൻ-അൻഡോറൻ സംരംഭത്തിൽ സാമ്പത്തിക വിദഗ്ധ എന്ന നിലയിലാണ് തുടങ്ങിയത്.
2011-ൽ ചൈനയിലെ വുഷി നഗരത്തിൽ ചെർനിഹിവിന്റെ ഔദ്യോഗിക പ്രതിനിധിയായി അവർ പ്രവർത്തിച്ചു, ഇത് യുക്രെയിന്റെ ഒരു നഗരത്തിന്റെ ചൈനയിലെ ആദ്യ പ്രതിനിധാനം ആയിരുന്നു. 2015-ൽ ചെർനിഹിവ് വികസന വകുപ്പിന്റെ തലവനായി യൂലിയ നിയമിതയായി. 2018-ൽ ചെർനിഹിവ് ഒബ്ലാസ്റ്റിന്റെ ആക്ടിംഗ് ഗവർണറായും പ്രവർത്തിച്ചു.
2020-ൽ പ്രസിഡന്റ് സെലെൻസ്കി അവരെ ട്രൈലാറ്ററൽ കോൺടാക്ട് ഗ്രൂപ്പിന്റെ സാമൂഹിക-സാമ്പത്തിക ഉപവിഭാഗത്തിൽ യുക്രെയിന്റെ പ്രതിനിധിയായി നിയമിച്ചു. 2021-ൽ യുക്രെയിന്റെ ആദ്യ ഡെപ്യൂട്ടി പ്രധാനമന്ത്രിയും സാമ്പത്തിക വികസന-വ്യാപാര മന്ത്രിയുമായി യൂലിയ നിയമിതയായി. ജൂലൈ 17-നാണ് യുക്രെയിന്റെ പാർലമെന്റില്‍ 450 അംഗങ്ങളിൽ 262 പേരുടെ പിന്തുണയോടെയാണ് യൂലിയ പ്രധാനമന്ത്രിയായത്. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് യുക്രെയിനിൽ പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കുന്നത്. മുൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിക്കും.
യുദ്ധം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർത്തിരിക്കുന്ന സാഹചര്യത്തിൽ, യൂലിയയുടെ പ്രധാന ലക്ഷ്യം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നതായിരിക്കും. ആഭ്യന്തര ആയുധ ഉൽപ്പാദനം 40 ശതമാനത്തിൽ നിന്ന് ആറ് മാസത്തിനുള്ളിൽ 50 ശതമാനമായി ഉയർത്തുകയുമാണ് മറ്റൊരു വെല്ലുവിളി. റഷ്യയുടെ തുടർച്ചയായ ആക്രമണങ്ങൾക്കിടയിൽ യുദ്ധത്തിന്റെ മുന്നണിയിൽ സൈന്യത്തിന് ആവശ്യമായ ആയുധങ്ങൾ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്നാണ് യൂലിയ ആദ്യം പ്രതികരിച്ചത്.
"യുദ്ധം നടക്കുന്നതിനിടെ എന്തെങ്കിലും കാര്യം വൈകി എന്നത് ഒരു ന്യായീകരണമല്ല. നമ്മുടെ ആദ്യ ആറ് മാസത്തെ മുൻഗണനകൾ വ്യക്തമാണ്, സൈന്യത്തിന് ആവശ്യമായ കാര്യങ്ങളുടെ വിതരണം ഉറപ്പാക്കണം, ആഭ്യന്തര ആയുധ ഉൽപ്പാദന വിപുലീകരണം, പ്രതിരോധ ശക്തിയുടെ സാങ്കേതിക ശേഷി വർധിപ്പിക്കൽ എന്നിവയാണ്" യൂലിയ സോഷ്യല്‍ മീഡിയ പോസ്റ്റിൽ പറഞ്ഞു.
യൂലിയയുടെ ഭരണം യുക്രെയിന്റെ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കും എന്നാണ് റിപ്പോർട്ട്. 2025-ൽ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റുമായി ചേർന്ന് യുക്രെയിന്റെ ധാതുസമ്പത്ത് വികസനത്തിനായി ഒരു സംയുക്ത നിക്ഷേപ ഫണ്ട് സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പുവെച്ചത് യൂലിയയാണ്. ഈ കരാർ യുഎസും യുക്രെയിനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി, പ്രത്യേകിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള പ്രാരംഭ പിരിമുറുക്കങ്ങൾക്ക് ശേഷം. കൂടാതെ, റോമിൽ നടന്ന യുക്രെയിൻ പുനർനിർമ്മാണ സമ്മേളനത്തിൽ 10 ബില്യൺ യൂറോയിലധികം മൂല്യമുള്ള കരാറുകൾ ഉറപ്പാക്കിയതും യൂലിയയുടെ നേതൃത്വത്തിലാണ്. അതിനാൽ തന്നെ യൂലിയയുടെ നിയമനത്തിന് പിന്നിൽ യുഎസ് താൽപ്പര്യങ്ങളുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
യുക്രെയിന്റെ സമ്പദ്‌വ്യവസ്ഥ വിദേശ വായ്പകളെ ആശ്രയിച്ചാണ് നിൽക്കുന്നത്. അടുത്ത വർഷം 19 ബില്യൺ ഡോളറിന്റെ ബജറ്റ് കമ്മി നേരിടാൻ സാധ്യതയുണ്ട് യുക്രെയിന്‍. ഈ വെല്ലുവിളി മറികടക്കാൻ, യൂലിയ പൊതു ധനകാര്യത്തിന്റെ പൂർണ്ണമായ ഓഡിറ്റ്, വൻതോതിലുള്ള സ്വകാര്യവൽക്കരണം, സംരംഭകർക്കുള്ള പിന്തുണ എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ട്
15 വർഷത്തിനിടെ യുക്രെയിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് യൂലിയ. എന്നിരുന്നാലും, യുദ്ധകാല ഭരണഘടന പ്രകാരം അധികാരം പ്രസിഡന്റിന്റെ ഓഫീസിൽ കേന്ദ്രീകൃതമായതിനാൽ യൂലിയയുടെ അധികാരങ്ങൾ പരിമിതമാണ് എന്ന വിമർശനവും ഉണ്ട്. 2023-ൽ ടൈം മാഗസിൻ്റെ ടൈംസ് 100 നെക്സ്റ്റ് ലീസ്റ്റിൽ "യുക്രെയിന്റെ ജനതയുടെ പ്രതിരോധത്തിന്റെ പ്രതീകം" എന്ന് വിശേഷിപ്പിച്ചാണ് യൂലിയയെ ഉൾപ്പെടുത്തപ്പെടുത്തിയത്.