നേപ്പാൾ: കാവൽ സർക്കാരിനെ ആര് നയിക്കുമെന്ന ചർച്ചയിൽ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിക്ക് മുൻതൂക്കം. നേപ്പാളിൽ വൈദ്യുത വിപ്ലവം നടത്തിയ കുൽമാൻ ഘിസിങിനെ ജെൻ-സി പ്രക്ഷോഭകരിൽ ഒരു വിഭാഗം നിർദേശിച്ചെങ്കിലും കൂടുതൽ പിന്തുണ സുശീലയ്ക്കാണെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സൈനിക മേധാവിയുമായി അടുത്ത ബന്ധമുള്ള ഭരണഘടനാ വിദഗ്ദ്ധനെ ഉദ്ധരിച്ചാണ് റോയിറ്റേഴ്സിന്റെ റിപ്പോർട്ട്.
രണ്ട് വാദങ്ങളാണ് പ്രധാനമായും നേപ്പാളിലെ പുതിയ പ്രധാനമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് ഉയരുന്നത്. ജെൻ-സി പ്രക്ഷോഭകരിലെ നല്ലൊരു വിഭാഗം മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിക്ക് വേണ്ടി വാദിക്കുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയ കാഠ്മണ്ഡു മേയർ ബലേൻഷായുടെ പിന്തുണയും സുശീല കർക്കിക്കാണ്.
എന്നാൽ രാജ്യത്ത് വൈദ്യുതവിപ്ലവം നടത്തിയ മുൻ മേധാവി കുൽമാൻ ഘീസിങ് വരണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. 73കാരി സുശീലയേക്കാൾ 54കാരൻ ഘീസിങ് വരട്ടെയെന്നാണ് ജെൻ-സി പ്രക്ഷോഭകരിലെ നേതൃത്വത്തിലുള്ള ഒരു വിഭാഗം വാദിക്കുന്നത്. മുൻ ജഡ്ജിമാർ രാജ്യതലപ്പത്തേക്ക് വരുന്നത് രാഷ്ട്രീയ വളർച്ചയ്ക്ക് നല്ലതല്ല എന്നാണ് ഇവരുടെ വാദം. അതേസമയം സുശീലയ്ക്ക് മുൻഗണനയെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റ് പദമൊഴിഞ്ഞ രാം ചന്ദ്ര പൗഡേൽ, സൈനികമേധാവി അശോക് രാജ് സിഗ്ഡെൽ എന്നിവർ വിവിധ നേതാക്കളുമായും ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചനകൾ നടത്തി.
ഹിന്ദു സംഘടനാ നേതാവ് ദുർഗ പ്രസായി, നേപ്പാളിലെ പുതിയ പ്രസ്ഥാനമായ രാഷ്ട്രീയസ്വതന്ത്ര പാർട്ടി (ആർഎസ്പി) നേതാക്കളോടും സൈനിക മേധാവി സംസാരിച്ചു. സൈനികമേധാവിയുമായി അടുത്ത ബന്ധമുള്ള നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ളതാണ് സുശീലയ്ക്ക് മുൻതൂക്കമെന്ന റോയിറ്റേഴ്സിന്റെ വാർത്ത. രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം വന്നേക്കും.
നേപ്പാളിലെ പല മേഖലയിലും കർഫ്യൂ നീക്കിത്തുടങ്ങി. രാത്രികാല കർഫ്യൂവിന് നാല് മണിക്കൂർ ഇളവ് വന്നു. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെയുള്ള നിയന്ത്രണം തുടരും. സോഷ്യൽ മീഡിയയ്ക്കുള്ള വിലക്ക് പൂർണമായി നീക്കി. നേപ്പാൾ ജെൻ-സി കലാപത്തിൽ ഇതുവരെ 35 പേരാണ് കൊല്ലപ്പെട്ടത്.