പാരാഗ്ലൈഡിങ്ങിനിടെ വിമാനം ഇടിച്ച് അപകടം, അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പിന്നാലെ എമർജൻസി പാരച്യൂട്ട് ഉപയോഗിച്ചാണ് യുവതി ലാൻഡ് ചെയ്തത്
പാരാഗ്ലൈഡിങ്ങിനിടെ വിമാനം ഇടിച്ച് അപകടം, അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Source: X
Published on
Updated on

ഓസ്ട്രിയൻ ആൽപ്‌സ് പർവത നിരകൾക്ക് സമീപം പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ചെറുവിമാനം ഇടിച്ചുണ്ടായ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി. സംഭവത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പാരാഗ്ലൈഡറായ യുവതി പറക്കുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ ചെറുവിമാനം ഇടിച്ചാണ് അപകടം ഉണ്ടായത്. ഇതിന് പിന്നാലെ എമർജൻസി പാരച്യൂട്ട് ഉപയോഗിച്ചാണ് യുവതി ലാൻഡ് ചെയ്തത്.

വടക്കൻ ഓസ്ട്രിയയിലെ പാരാഗ്ലൈഡിംഗിന് പ്രശസ്തമായ സ്ഥലമായ ഷ്മിറ്റൻഹോഹെ പർവതത്തിനടുത്താണ് സംഭവം നടന്നത്. 44 വയസുള്ള പരിചയസമ്പന്നയായ പാരാഗ്ലൈഡറായ സബ്രീനയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ പാരച്യൂട്ട് രണ്ടായി പിളരുന്നതും നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പരിഭ്രാന്തയായ സബ്രീന തൻ്റെ റിസർവ് പാരച്യൂട്ട് ഉയർത്തുകയും പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു. പാരച്യൂട്ടിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

ലാൻഡ് ചെയ്ത ശേഷം യുവതിയെ ഓസ്ട്രിയൻ പൊലീസ് ഹെലികോപ്റ്ററിൽ വൈദ്യപരിശോധനയ്ക്കായി ഒരു പ്രാദേശിക വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. യുവതിക്കും പൈലറ്റിനും സാരമായ പരിക്കുകളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. ഇവിടെയിരുന്ന് ഞാനിത് ടൈപ് ചെയ്യുന്നുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന കുറിപ്പും സബ്രീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

News Malayalam 24x7
newsmalayalam.com