

ഇറാനിൽ ഹിജാബ് ധരിക്കാതെ സ്ത്രീകളെ മാരത്തൺ മത്സരത്തിൽ പങ്കെടുപ്പിച്ചതിൽ സംഘാടകർക്കെതിരെ കേസ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇറാൻ ജുഡീഷ്യറിയുടെ നടപടി. കിഷ് ദ്വീപിൽ നടന്ന മാരത്തൺ മത്സരത്തിൽ ഏകദേശം 2000 സ്ത്രീകളും 3000 ലധികം പുരുഷന്‍മാരും പങ്കെടുത്തിരുന്നു.ഇതിൽ ചില സ്ത്രീകൾ ഹിജാബോ തല മറയ്ക്കാത്ത വസ്ത്രങ്ങളോ ധരിക്കാതിരുന്നതാണ് നടപടിയിലേക്ക് നയിച്ചത്.
പൊതുനിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘാടകർക്കെതിരെ കേസെടുത്തത്.മാരത്തൺ നടത്തിയ രീതി സദാചാരത്തിൻ്റെ ലംഘനമാണെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. അതേസമയം, നടപടിയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. രാജ്യത്ത് മാറ്റം ആഗ്രഹിക്കുന്ന നിരവധി സ്ത്രീകൾ ഈ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
2022 ൽ ഹിജാബ് ധരിക്കാത്തതിൻ്റെ പേരിൽ കസ്റ്റഡിയിലെടുത്ത മഹ്സ അമിനിയെന്ന കുർദ് ഇറാനിയൻ യുവതി കൊല്ലപ്പെട്ടത് രാജ്യത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.