ലോകപ്രശസ്തമായ ബാർബി പാവകളുടെ ഡിസൈനർമാരായ മാരിയോ പഗ്ലിനോയ്ക്കും ജിയാനി ഗ്രോസിയ്ക്കും ഇറ്റലിയിലെ വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇരുവരും സഞ്ചരിച്ച വാഹനത്തെ, തെറ്റായ ദിശയിൽ എത്തിയ കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്.
ഇരുവരോടുമൊപ്പം കാറിലുണ്ടായിരുന്ന ബാങ്ക് ജീവനക്കാരൻ അമോഡിയോ വലേരിയോ ജിയുർണിയും മറ്റേ വാഹനത്തിലുണ്ടായിരുന്ന എഗിഡിയോ സെറിയാനോയും അപകടത്തിൽ മരിച്ചു. അതേസമയം, ബാർബി രൂപകർത്താക്കളുടെ വാഹനത്തിലുണ്ടായിരുന്ന അമോഡിയോ വലേരിയോ ഗിയുർണിയുടെ ഭാര്യ സിൽവിയ മൊറമാക്രോ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
1999ല്‍ മാരിയോയും ജിയാനിയും ഒരുമിച്ച് തുടങ്ങിയ മാഗിയ 2000 എന്ന കമ്പനി പിന്നീട് ബാര്‍ബി പാവകളുടെ രൂപനിര്‍മിതിയിലൂടെയാണ് പ്രശ്‌സതരാകുന്നത്. 1959ല്‍ ഇവര്‍ പുറത്തിറക്കിയ ബാര്‍ബി പാവകള്‍ക്ക് ഇന്നും ലോകത്തെമ്പാടും നിരവധി ആരാധകരാണുള്ളത്.
മഡോണ, ചെർ, ലേഡി ഗാഗ, സാറാ ജെസീക്ക പാർക്കർ, സോഫിയ ലോറൻ തുടങ്ങിയ ബാർബി ഐക്കണുകൾ സൃഷ്ടിച്ച പഗ്ലിനോയും ഗ്രോസിയും വ്യത്യസ്തതയേറിയ രൂപകല്പന കൊണ്ട് വളരെയേറെ ആഘോഷിക്കപ്പെട്ടിരുന്നു. 2009-ൽ ലണ്ടനിൽ നടന്ന സിംപ്ലി മഡോണ എക്സിബിഷനിൽ അവരുടെ മഡോണ പാവ പ്രദർശിപ്പിച്ചിരുന്നു. 2015ൽ, ഒരു ജീവകാരുണ്യ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി അവരുടെ പാവകളിൽ ഒന്ന് നാഷണൽ ബാർബി കൺവെൻഷനിൽ $15,000 നേടിയിരുന്നു. ഇരുവരുടെയും അപ്രതീക്ഷിത വിയോഗം തീരാനഷ്ടമാണെന്ന് ബാർബി കമ്പനി പ്രതികരിച്ചു.