"നിങ്ങൾക്ക് ഭ്രാന്താണ്, നിങ്ങളെ ആർക്കും ഇഷ്ടമല്ല"; നെതന്യാഹുവിനോട് ചൂടായി ട്രംപ്

യുഎസും ഇസ്രയേൽ നേതാക്കളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് ഇത് ആദ്യമായല്ല
"നിങ്ങൾക്ക് ഭ്രാന്താണ്, നിങ്ങളെ ആർക്കും ഇഷ്ടമല്ല"; നെതന്യാഹുവിനോട് ചൂടായി ട്രംപ്
Source: Social Media
Published on
Updated on

ലെബനനിലെ വെടിനിർത്തൽ സംബന്ധിച്ച ഫോൺ കോളിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് കയർത്ത് സംസാരിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള സമാധാന ചർച്ചകൾ ലെബനനിലെ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് നെതന്യാഹുവായുള്ള ട്രംപിൻ്റെ ഫോൺ സംഭാഷണം.

ബെയ്റൂട്ടിൽ ആക്രമണം നടത്താനുള്ള ഇസ്രായേലിന്റെ പദ്ധതിക്ക് ട്രംപ് തടസം സൃഷ്ടിച്ചതായും യുഎസ് ഉദ്യോഗസ്ഥരെയും മറ്റൊരു സ്രോതസിനേയും ഉദ്ധരിച്ച് അമേരിക്കൻ പ്രസിദ്ധീകരണമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ലെബനൻ തലസ്ഥാനത്ത് ബോംബിടാനുള്ള ഇസ്രായേലിൻ്റെ ഭീഷണികൾ ഇസ്രയേലിനെ കൂടുതൽ ഒറ്റപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതായും വിവരമുണ്ട്.

ഇസ്രയേൽ നേതാവിൻ്റെ അഴിമതി വിചാരണയ്ക്കിടെ നെതന്യാഹുവിൻ്റെ ജയിൽ വാസം ഒഴിവാക്കാൻ താൻ സഹായിച്ചതായി അവകാശപ്പെട്ട ട്രംപ് നെതന്യാഹുവിനെ കോളിലൂടെ ഭ്രാന്തനെന്ന് വിളിച്ചതായും റിപ്പോർട്ടിൽ പറയുന്നു. "ഞാൻ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ജയിലിലായേനെ. ഞാൻ നിങ്ങളെ രക്ഷിക്കുകയാണ്. ഇപ്പോൾ എല്ലാവരും നിങ്ങളെ വെറുക്കുന്നു. ഇതുമൂലം എല്ലാവരും ഇസ്രായേലിനെയും വെറുക്കുന്നു," എന്നും ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് പറയുന്നു.

"നിങ്ങൾക്ക് ഭ്രാന്താണ്, നിങ്ങളെ ആർക്കും ഇഷ്ടമല്ല"; നെതന്യാഹുവിനോട് ചൂടായി ട്രംപ്
"ഞാന്‍ സംസാരിച്ചു, ആക്രമിക്കില്ലെന്ന് അവര്‍ ഉറപ്പു നല്‍കി"; ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയായെന്ന് ട്രംപ്

ബെയ്‌റൂട്ടിലെ ആക്രമണങ്ങൾക്ക് പുറമേ, തെക്കൻ ലെബനനിലേക്ക് കൂടി ഇസ്രയേൽ തങ്ങളുടെ ആക്രമണം വ്യാപിപ്പിച്ചത് ഇറാനുമായുള്ള തങ്ങളുടെ സമാധാന കരാറിനെ അട്ടിമറിക്കുമെന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ട്രംപുമായുള്ള കോളിന് ശേഷം ഇസ്രയേൽ ബെയ്റൂട്ടിലെ ഹിസ്ബുള്ള താവളങ്ങൾ ആക്രമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി ഒരു ഇസ്രയേലി ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായും ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

യുഎസും ഇസ്രയേൽ നേതാക്കളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് ഇത് ആദ്യമായല്ല.മുൻകാലങ്ങളിൽ, ഇരു നേതാക്കളും നിരവധി വിയോജിപ്പുള്ള തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിലും ഇറാൻ ആക്രമണത്തിലും മറ്റ് പല വിഷയങ്ങളിലും ഏകോപിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നിരുന്നാലും, ആക്‌സിയോസ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ജനുവരിയിൽ ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം നെതന്യാഹുവുമായുള്ള അദ്ദേഹത്തിൻ്റെ ഏറ്റവും മോശം ഫോൺ കോളുകളിൽ ഒന്നായിരുന്നു ഇത്.

കോളിന് ശേഷം ലെബനനിലെ ബെയ്റൂട്ടിൽ ആക്രമണം നടത്തരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് താൻ നെതന്യാഹുവുമായി സംഭാഷണം നടത്തിയതായും അദ്ദേഹം തൻ്റെ സൈന്യത്തെ തിരിച്ചു വിളിച്ചതായും അതിന് നന്ദിയെന്നും ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി. ഹിസ്ബുള്ള നേതാക്കളുടെ പ്രതിനിധികളുമായും ഞാൻ ഒരു സംഭാഷണം നടത്തി, ഇസ്രയേലിനും അവരുടെ സൈനികർക്കും നേരെ വെടിവയ്ക്കുന്നത് നിർത്താൻ അവർ സമ്മതിച്ചതായും പോസ്റ്റിൽ പറയുന്നു.

പിന്നീട്, നെതന്യാഹുവും ട്രംപുമായുള്ള സംഭാഷണം സ്ഥിരീകരിച്ചുവെങ്കിലും അത് ഒരു നിയന്ത്രണമായിട്ടല്ല, മറിച്ച് ഒരു മുന്നറിയിപ്പായിട്ടാണെന്നും നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയുടെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ടെൽ അവീവ് ബെയ്റൂട്ടിലെ ലക്ഷ്യങ്ങൾ ആക്രമിക്കുമെന്ന് ട്രംപിനോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

News Malayalam 24x7
newsmalayalam.com