
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 82-ാം സ്ഥാനത്ത്. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിൻ്റെ പട്ടികയാണ് പുറത്തുവന്നത്. ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും കൃത്യമായ കണക്കുകൾ കൈകാര്യം ചെയ്യുന്ന എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ്റെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നടത്തുന്നത്. പട്ടികയിൽ 82-ാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്നും 58 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
സെനഗൽ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും റാങ്കിങ്ങിൽ ഇന്ത്യയ്‌ക്കൊപ്പമാണ്. ഇന്ത്യക്കാരുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം 33 രാജ്യങ്ങളിലേക്ക് പ്രവേശനം നൽകി അയൽരാജ്യമായ പാകിസ്ഥാൻ 100-ാം സ്ഥാനത്താണ് ഉള്ളത്.
195 രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്ന സിംഗപ്പൂർ പാസ്‌പോർട്ട് ആണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ജപ്പാൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്പെയിൻ എന്നീ രാജ്യങ്ങൾ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 191 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം നൽകുന്ന ഓസ്ട്രിയ, ഫിൻലാൻഡ്, അയർലൻഡ്, ലക്സംബർഗ്, നെതർലാൻഡ്സ്, ദക്ഷിണ കൊറിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളാണ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ളത്.
യുകെ, ന്യൂസിലാൻഡ്, നോർവേ, ബെൽജിയം, ഡെൻമാർക്ക്, സ്വിറ്റ്‌സർലൻഡ് നാലാം സ്ഥാനത്തും, ഓസ്‌ട്രേലിയ, പോർച്ചുഗൽ അഞ്ചാം സ്ഥാനത്തുമാണ്. അതേസമയം 186 രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം നൽകുന്ന അമേരിക്ക നിലവിൽ എട്ടാം സ്ഥാനത്താണുള്ളത്. 26 രാജ്യങ്ങളിലേക്ക് മാത്രം വിസ രഹിത പ്രവേശനം നൽകുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാനം ഉള്ളത്.