
ഇന്തോനേഷ്യൻ ദ്വീപായ സുലവേസിയിലെ ഒരു ഗുഹയിൽ നിന്ന് ശാസ്ത്രജ്ഞർ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കലാസൃഷ്ടി കണ്ടെത്തി. ഒരു വലിയ ചുവന്ന പന്നിക്ക് ചുറ്റും കൂടി നിൽക്കുന്ന മൂന്ന് പേരെ ചിത്രീകരിക്കുന്നതാണ് ഗുഹയിൽ നിന്നും കണ്ടെത്തിയ ചിത്രം. 51,200 വർഷങ്ങൾക്ക് മുമ്പാണ് ഈ ചിത്രം സൃഷ്ടിച്ചതെന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണങ്ങളിൽ സൂചിപ്പിക്കുന്നു.
കഥാവിഷ്കാരത്തിൻ്റെ ഏറ്റവും പഴയ തെളിവാണ് ഇതെന്ന് ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തു ഗവേഷകനും നേച്ചറിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൻ്റെ സഹരചയിതാവുമായ മാക്‌സിം ഓബെർട്ട് എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു. ഏകദേശം 65,000 വർഷങ്ങൾക്ക് മുമ്പ്, ഓസ്‌ട്രേലിയയിൽ എത്തുന്നതിന് മുമ്പ് തെക്കുകിഴക്കൻ ഏഷ്യയിലൂടെ സഞ്ചരിച്ച ആദ്യത്തെ മനുഷ്യസംഘമാണ് പെയിൻ്റിംഗുകൾ നിർമിച്ചതെന്ന് കരുതുന്നുവെന്നും ഓബർട്ട് പറഞ്ഞു. കുറഞ്ഞത് 45,500 വർഷം പഴക്കമുള്ള മുൻ റെക്കോർഡ് ചിത്രം തിരിച്ചറിഞ്ഞ ടീമിൻ്റെ ഭാഗവുമായിരുന്നു ഓബെർട്ട്.
ചിത്രത്തിലൂടെ ചിത്രകാരൻ ഒരു കഥ പറയാൻ ശ്രമിക്കുകയാണെന്നും, ആ കഥ എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല എന്നും ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ മറ്റൊരു പുരാവസ്തു ഗവേഷകനായ ആദം ബ്രും പറഞ്ഞു.
കടും ചുവപ്പ് ഷേഡിൽ 92 സെ.മീ നീളവും, 38 സെ.മീ വീതിയുമുള്ള ഒരു കാട്ടുപന്നിക്ക് ചുറ്റും മൂന്ന് ആളുകൾ കൂടി നിൽക്കുന്നതായാണ് ചിത്രത്തിൽ കാണിക്കുന്നത്. പന്നികളുടെ മറ്റു ചിത്രങ്ങളും ഗുഹയിലുണ്ട്. സൗത്ത് സുലവേസിയിലെ മാരോസ്- പാങ്കെപ് മേഖലയിലെ ലിയാങ് കരമ്പുവാങ് ഗുഹ ഇന്ന് വളരെ ശോചനീയാവസ്ഥയിലാണ്.