ഗുസ്തി ഫെഡറേഷൻ ബ്രിജ് ഭൂഷൺ വീണ്ടും അധികാരം പിടിക്കുന്നു; WFI ഓഫീസ് മുൻ എംപിയുടെ വസതിയിലേക്ക് മാറ്റി

കായിക മന്ത്രാലയത്തിൻ്റെ നടപടി മറികടന്നാണ് ബ്രിജ് ഭൂഷൺ സിങിൻ്റെ പുതിയ നീക്കം
ഗുസ്തി ഫെഡറേഷൻ ബ്രിജ് ഭൂഷൺ വീണ്ടും അധികാരം പിടിക്കുന്നു; WFI ഓഫീസ് മുൻ എംപിയുടെ വസതിയിലേക്ക് മാറ്റി
Published on


ലൈംഗിക പീഡന പരാതിയെ തുടർന്ന് നടപടി നേരിട്ട ബിജെപി മുൻ എംപി ബ്രിജ് ഭൂഷൺ ശരൺ സിങ് ഗുസ്തി ഫെഡറേഷനിൽ വീണ്ടും അധികാരം പിടിക്കുന്നു. ഫെഡറേഷൻ ഓഫീസ് ബ്രിജ് ഭൂഷൻ്റെ അശോക റോഡിലുള്ള വീട്ടിലേക്ക് മാറ്റി. ബ്രിജ് ഭൂഷണിനെതിരെ ​ഗുസ്തി താരങ്ങൾ ലൈം​ഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ ഫെഡറേഷൻ ഓഫീസ് ഹരിന​ഗറിലേക്ക് മാറ്റിയിരുന്നു. കായിക മന്ത്രാലയത്തിൻ്റെ നടപടി മറികടന്നാണ് ബ്രിജ് ഭൂഷൺ സിങിൻ്റെ പുതിയ നീക്കം. 


ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരിക്കെ ബ്രിജ്‌ ഭൂഷൺ‍ ശരൺ സിങ്, പ്രൊഫഷണൽ നേട്ടം വാഗ്‌ദാനം ചെയ്ത് ലൈ​ഗിക ചൂഷണം ചെയ്തെന്നായിരുന്നു വനിത ഗുസ്തി താരങ്ങളുടെ പരാതി. തുടർന്ന് 2023 ജനുവരിയിൽ തുടങ്ങി ഒരു വർഷത്തോളം നീണ്ട വലിയ പ്രതിഷേധത്തിന് രാജ്യം സാക്ഷിയായി. ​

ഗുസ്തി താരങ്ങളായ വിനേഷ് ഫോ​ഗട്ട്, സാക്ഷി മല്ലിക്, ബജ്രറങ് പുനിയ എന്നിവരാണ് സമരത്തിൻ്റെ നേതൃനിരയിൽ നിന്നത്. മുൻ എംപിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണിനെതിരെ കേസെടുക്കാത്ത ഡൽഹി പൊലീസ് അന്ന് വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ബ്രിജ് ഭൂഷണിനൊപ്പം നിലകൊണ്ട മോദി സർക്കാരും അതോടെ പ്രതികൂട്ടിലായി. ഒടുവിൽ ​ഗുസ്തി താരങ്ങൾ സമരം കടുപ്പിച്ചു.

ഇതോടെ രാജ്യത്തിൻ്റെ അഭിമാന താരങ്ങളെയും സമരത്തെയും ഭരണകൂടം അടിച്ചമർത്തുകയായിരുന്നു. വിനേഷ് ഫോ​ഗട്ടിനെ റോഡിൽ വലിച്ചിഴച്ചതു മുതൽ സാക്ഷി മല്ലിക്കിൻ്റെ വിരമിക്കൽ പ്രഖ്യാപനം വരെ ലോകശ്രദ്ധ നേടി. പലവട്ടം സമരക്കാരും സർക്കാരും തമ്മിൽ ചർച്ചകൾ നടന്നു. സമരത്തിൽ കോടതി ഇടപ്പെട്ടു, ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു.


പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കുറ്റപത്രം. ഇതോടെ ​ഗുസ്തി ഫെഡറേഷൻ്റെ തലപ്പത്ത് നിന്ന് ബ്രിജ് ഭൂഷൺ പുറത്താക്കപ്പെട്ടു. ഡൽഹിയിലെ അശോക റോഡിലുള്ള ​ഗുസ്തി ഫെഡറേഷൻ്റെ ഓഫീസ് കായിക മന്ത്രാലയം ഇടപ്പെട്ട് ഹരിന​ഗറിലേക്ക് മാറ്റി.

എന്നാൽ വീണ്ടും അശോക റോഡിലുള്ള പഴയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ് ​ഗുസ്തി ഫെ​ഡറേഷൻ. ഹരിന​ഗറിലെ ഓഫീസ് അടച്ചിട്ട നിലയിലാണ്. തുടർന്ന് വാടക കെട്ടിടം ഒഴിഞ്ഞ വിവരം വീട്ടുടമയെ ഉദ്ധരിച്ച് ദേശിയ മാധ്യമമാണ് പുറത്തുവിട്ടത്. ഗുസ്തി ഫെഡറേഷൻ ഇന്ത്യയുടെ സൈറ്റിൽ നിന്ന് ഹരിന​ഗറിലെ അഡ്രസ് നീക്കം ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് കായിക മന്ത്രാലയം വിശദീകരണം നൽകിട്ടില്ല. ​പീഡന പരാതിയിൽ വിചാരണ നേരിടുന്ന ബ്രിജ് ഭൂഷൺ താമസിക്കുന്ന കെട്ടിടത്തിൽ വീണ്ടും ​ഗുസ്തി ഫെഡറേഷൻ പ്രവർത്തനം ആരംഭിച്ചതിൽ ആശങ്ക ഉയരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com