
എം.ടിയുടെ വിയോഗത്തോടെ 75 വർഷത്തെ സൗഹൃദമാണ് അവസാനിച്ചതെന്ന് ചെറുകഥാകൃത്ത് ടി. പത്മനാഭൻ. അവസാനമായി കാണാൻ സാധിക്കാത്തതിൽ സങ്കടമുണ്ട്. വലിയ ലോകത്ത് പറന്ന് നടന്ന എം.ടിയുടെ വിയോഗം ഇത്ര വേഗമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും വികാരാധീനനായി ടി.പത്മനാഭൻ പറഞ്ഞു. എം.ടിയുടെ സർഗലോകം തന്‍റേതിനേക്കാള്‍ വലുതെന്നും അത് വെറുതെ പറയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അദ്ദേഹത്തിന്‍റെ ലോകം വളരം വിശാലമാണ്. വളരെ വിശാലമാണ്. എന്‍റേത് ഒരു ചെറിയ ലോകമാണ്. ഞാനവിടെ ഒതുങ്ങിക്കൂടുകയാണ് ചെയ്തത്. ഒതുങ്ങിക്കൂടിയത് എന്‍റെ സന്മമസ് കൊണ്ടൊന്നുമല്ല. എനിക്കത്രയുമേ കഴിയുകയുള്ളൂ. അദ്ദേഹത്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണ്. ഇത് ക്ലീഷേയായി പറയുന്നതല്ല. സത്യമാണ്. അദ്ദേഹത്തിന്‍റേത് വളരെ വലിയ നഷ്ടമാണ്. ഈ നഷ്ടം എളുപ്പം നികത്താന്‍ കഴിയില്ല", ടി.പത്മനാഭന്‍ പറഞ്ഞു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ (91) ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ കൈവെച്ച മേഖലകളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയായിരുന്നു എം.ടി. വാസുദേവന്‍ നായര്‍.