
തോറ്റു തോറ്റ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുമ്പോള്‍, തുടര്‍ച്ചയായ ജയങ്ങളിലൂടെ സ്ഥാനം ഉറപ്പിക്കുകയാണ് ദക്ഷിണാഫ്രിക്ക. ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയതോടെ, പ്രോട്ടീസ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഇന്ത്യക്കെതിരായ രണ്ട് ജയം ഓസ്ട്രേലിയയുടെ പ്രതീക്ഷയും വര്‍ധിപ്പിക്കുന്നു. അതേസമയം, തുടര്‍തോല്‍വികള്‍ ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി. ശ്രീലങ്കയാണ് നാലാം സ്ഥാനത്തുള്ളത്. ന്യൂസിലന്‍ഡിനെ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ തോല്‍പ്പിച്ച ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുണ്ട്. ഇന്ത്യക്കെതിരായ പരമ്പര ജയത്തിനു പിന്നാലെ സ്ഥാനം മെച്ചപ്പെടുത്തിയ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ടിനെതിരായ പരാജയത്തോടെ ആറാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. പാകിസ്താന്‍, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍.
പോയിന്റ് പെര്‍സെന്റേജ് (പിസിടി) കണക്കാക്കിയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സ്ഥാന പട്ടിക തയ്യാറാക്കുന്നത്. ആദ്യ രണ്ട് സ്ഥാനക്കാരാകും 2025ല്‍ ലോര്‍ഡ്സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടുക. നിലവില്‍ ദക്ഷിണാഫ്രിക്ക (63.33), ഓസ്ട്രേലിയ (60.71), ഇന്ത്യ (57.29), ശ്രീലങ്ക (45.45), ഇംഗ്ലണ്ട് (45.24), ന്യൂസിലന്‍ഡ് (44.23), പാകിസ്ഥാന്‍ (33.33) ബംഗ്ലാദേശ് (31.25), വെസ്റ്റ് ഇന്‍ഡീസ്(24.24) എന്നിങ്ങനെയാണ് പട്ടിക. പോയിന്റ് പട്ടിക അന്തിമരൂപം പൂകാന്‍ ഏതാനും മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ദക്ഷിണാഫ്രിക്ക ഏറെക്കുറെ സ്ഥാനം ഉറപ്പിക്കുമ്പോഴും, രണ്ടാമത്തെ ടീം ഏതായിരിക്കുമെന്ന് പ്രവചനം പോലും സാധ്യമാകാത്ത സാഹചര്യമാണുള്ളത്.
ദക്ഷിണാഫ്രിക്ക
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീം ദക്ഷിണാഫ്രിക്കയാണ്. തുടര്‍ച്ചയായ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെ ജയമാണ് പ്രോട്ടീസിന് നേട്ടമായത്. പാകിസ്ഥാനെതിരെ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നു ജയിച്ചാല്‍ പോലും പ്രോട്ടീസിന് ലോര്‍ഡ്സിലേക്ക് ടിക്കറ്റെടുക്കാം. രണ്ട് മത്സരവും തോറ്റാല്‍ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പ്രകടനങ്ങള്‍ അനുസരിച്ചിരിക്കും കാര്യങ്ങള്‍. മറ്റു ടീമുകളെ അപേക്ഷിച്ച്, ദക്ഷിണാഫ്രിക്കയ്ക്ക് ടെസ്റ്റ് മത്സരങ്ങള്‍ കുറവാണ്.
ഓസ്ട്രേലിയ
ഇന്ത്യക്കെതിരായ രണ്ടാം ജയം ഓസീസിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ദക്ഷിണാഫ്രിക്കന്‍ വിജയമാണ് അവരെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളിയത്. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. ശ്രീലങ്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകളുള്ള പരമ്പരയും നടക്കാനുണ്ട്. ഇന്ത്യക്കെതിരായ പരമ്പര 2-2 എന്ന സമനിലയായാലും, ശ്രീലങ്കയ്ക്കെതിരായ ഒരു ജയം കൊണ്ട് ഓസീസിന് കാര്യങ്ങള്‍ ഉറപ്പാക്കാം. അതേസമയം, ഇന്ത്യയോട് 2-3ന് പരാജയപ്പെട്ടാല്‍, ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളും ജയിക്കണം. ഈ രണ്ട് സാഹചര്യങ്ങളിലും ദക്ഷിണാഫ്രിക്കയുടെ മത്സരഫലങ്ങള്‍ ഓസീസിനെ ബാധിക്കില്ല.
ഇന്ത്യ
രണ്ട് തവണ ഫൈനലിസ്റ്റുകളായ ഇന്ത്യയ്ക്ക് അത്രയെളുപ്പമല്ല കാര്യങ്ങള്‍. അവസാന അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ നാലും തോറ്റതോടെയാണ് ഇന്ത്യയുടെ കാര്യം അനിശ്ചിതത്വത്തിലായത്. മറ്റൊരു ടീമിന്റെയും മത്സരഫലം ആശ്രയിക്കാതെ ഫൈനല്‍ പ്രവേശം സാധ്യമാകണമെങ്കില്‍, ഇന്ത്യ ഇനിയൊരു മത്സരം പോലും തോല്‍ക്കാന്‍ പാടില്ല. ഓസീസിനെതിരെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും, ഒരു സമനിലയും നേടാനായാലും ഇന്ത്യക്ക് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാം. ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരം ഓസീസ് ജയിച്ചാലും ഇന്ത്യയെ അത് ബാധിക്കില്ല.
അതേസമയം, ഇന്ത്യ 2-1നാണ് ജയിക്കുന്നതെങ്കില്‍, ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റും ഓസീസ് ജയിച്ചാല്‍ കഥ മാറും. ദക്ഷിണാഫ്രിക്ക ഒരു ടെസ്റ്റും ജയിച്ചാല്‍ ഇന്ത്യ കലാശപ്പോരില്‍നിന്ന് പുറത്താകും. ഇന്ത്യ-ഓസീസ് പോര് 2-2 സമനിലയാകുകയും, ഓസീസ്-ശ്രീലങ്ക മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്താല്‍, ഇന്ത്യയും ഓസീസും 55.26 ശതമാനത്തില്‍ ഒപ്പത്തിനൊപ്പമാകും. ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ പരമ്പര വിജയം എന്ന കണക്കില്‍ ഇന്ത്യ രക്ഷപ്പെടും. ഇതില്‍നിന്ന് വ്യത്യസ്തമായി ഓസീസ് ഒരു ജയം സ്വന്തമാക്കിയാല്‍ പോലും ഇന്ത്യയുടെ കാര്യം കഷ്ടത്തിലാകും.
ശ്രീലങ്ക
ദക്ഷിണാഫ്രിക്കയ്ക്കെതിരായ സമ്പൂര്‍ണ പരാജയത്തോടെ ലങ്കന്‍ ടീമിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. ഇനിയുള്ള സാധ്യതകള്‍ കടുക്കട്ടിയാണ്. ഓസീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളും ജയിക്കണം. അങ്ങനെ സംഭവിച്ചാല്‍ 53.85 ശതമാനം പോയിന്റ് ലഭിക്കും. കൂടാതെ, ദക്ഷിണാഫ്രിക്ക പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റ് മത്സരവും തോല്‍ക്കണം. അപ്പോള്‍ പ്രോട്ടീസ് 52.78 ശതമാനത്തിലേക്ക് താഴും. 53.85 ശതമാനമെന്ന പോയിന്റ് കടന്നെത്താന്‍ ഇന്ത്യ, ഓസീസ് എന്നിവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്കേ സാധിക്കൂ. ഇനി ദക്ഷിണാഫ്രിക്ക പാകിസ്ഥാനെതിരെ ഒരു സമനില നേടിയാല്‍, അവര്‍ക്ക് 55 ശതമാനം പോയിന്റാകും. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി 2-1ന് ആതിഥേയര്‍ ജയിച്ചാല്‍, ഓസീസിന് 53.51 ശതമാനവും ഇന്ത്യക്ക് 51.75 ശതമാനവും പോയിന്റ് ലഭിക്കും. അങ്ങനെ വന്നാലും 53.85 ശതമാനം പോയിന്റുള്ള ശ്രീലങ്കയ്ക്ക് ഫൈനല്‍ കളിക്കാം.