"യമുനാജലം അങ്ങേയറ്റം വിഷമയം"; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഡാറ്റ നിരത്തി കെജ്‌രിവാൾ

വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവനയെന്നും, പറഞ്ഞതിൽ നിയമ വിരുദ്ധമായി ഒന്നുമില്ലെന്നും കെജ്‌രിവാൾ വിശദീകരണം നൽകി
"യമുനാജലം അങ്ങേയറ്റം വിഷമയം"; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഡാറ്റ നിരത്തി കെജ്‌രിവാൾ
Published on

യമുനയിലെ വിഷജല പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നൽകി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഹരിയാനയിലെ ബിജെപി സർക്കാർ യമുനയില്‍ വിഷം കലര്‍ത്തിയെന്ന ആരോപണത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഡാറ്റ നിരത്തുകയായിരുന്നു കെജ്‌രിവാൾ. യമുനാജലം അങ്ങേയറ്റം വിഷമയമെന്ന് തെളിയിക്കുന്ന ഡാറ്റയാണ് കെജ്‌രിവാൾ പുറത്തുവിട്ടത്.

പതിനാല് പേജുള്ള കത്തിൽ നദിയിലെ അമോണിയയുടെ അളവ് ജലശുദ്ധീകരണ പ്ലാൻ്റുകൾക്ക് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ കഴിയാത്ത തരത്തിൽ എത്തിയിട്ടുണ്ടെന്ന് ഡൽഹി ജല ബോർഡിനെ ഉദ്ധരിച്ച് കെജ്‌രിവാൾ വ്യക്തമാക്കി. ഹരിയാനയിൽ നിന്ന് ലഭിക്കുന്ന അസംസ്കൃത ജലം വളരെ മലിനമായതും മനുഷ്യൻ്റെ ആരോഗ്യത്തിന് അത്യന്തം വിഷവുമാണ്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവനയെന്നും, പറഞ്ഞതിൽ നിയമ വിരുദ്ധമായി ഒന്നുമില്ലെന്നും കെജ്‌രിവാൾ വിശദീകരണം നൽകി. യമുന നദിയിലെ അമോണിയയുടെ അളവ് ജലശുദ്ധീകരണ പ്ലാൻ്റുകൾക്ക് പൂർണ ശേഷിയിൽ പ്രവർത്തിക്കാൻ കഴിയാത്ത തരത്തിൽ ഉയർന്നുവെന്നും മറുപടിയിൽ കെജ്‌രിവാൾ പറയുന്നു. ശുദ്ധജലം ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ വേണമെന്നും കെജ്‌രിവാൾ അറിയിച്ചു.

ഡൽഹിയിലേക്ക് ഹരിയാനയിലെ ബിജെപി സർക്കാർ വിതരണം ചെയ്യുന്ന ജലത്തിൽ വിഷം കലർത്തിയിട്ടുണ്ടെന്നായിരുന്നു ആം ആദ്മി അധ്യക്ഷന്റ പ്രസ്താവന. വെള്ളത്തിൽ അനുവദനീയമായ പരിധിയിലും 700 മടങ്ങ് അമോണിയം അടങ്ങിയിട്ടുണ്ടെന്നതിനെ കുറിച്ചായിരുന്നു പരാമർശം. കെജ്‌രിവാളിന്റെ ആരോപണം മറ്റ് ആം ആദ്മി നേതാക്കളും ഏറ്റെടുത്തു. ബിജെപിയുടേത് 'ജല തീവ്രവാദം' ആണെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയുടെ ആരോപണം. ഇത് കാണിച്ച് അതിഷി തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഡൽഹി ലെഫ്റ്റനന്റ്​ ​ഗവർണർ വി.കെ. സക്സേന എന്നവർക്ക് കത്തും അയച്ചു.

തുടർന്ന് ആരോപണത്തിനുള്ള തെളിവുകൾ ഹാജരാക്കാൻ കമ്മീഷൻ കെജ്‌രിവാളിന് നിർദേശം നൽകുകയായിരുന്നു. കെജ്‌രിവാളിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും സംസ്ഥാനങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിച്ചേക്കാമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com