
യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സികിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2026 മാര്‍ച്ച് 19ന് തിയേറ്ററിലെത്തും. കന്നഡയിലും ഇംഗ്ലീഷിലും ആശയങ്ങള്‍ രൂപപ്പെടുത്തി, എഴുതി, ചിത്രീകരിച്ച ആദ്യത്തെ വലിയ ഇന്ത്യന്‍ പ്രോജക്റ്റ് എന്ന നിലയില്‍, ടോക്‌സിക് സംസ്‌കാരങ്ങളെയും ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നു. ഒരു അന്താരാഷ്ട്ര സിനിമാറ്റിക് അനുഭവമായിരിക്കും ടോക്‌സിക് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശരപ്പെടുന്നത്. ഇന്ത്യന്‍, അന്തര്‍ദേശീയ സിനിമകളിലെ ഏറ്റവും മികച്ചതും ഏറെ ആവശ്യപ്പെടുന്നതുമായ പ്രതിഭകളെ ഈ ചിത്രം ഒരുമിച്ച് കൊണ്ടുവരുന്നു, കൂടാതെ അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനായി, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, മറ്റ് നിരവധി ഭാഷകളില്‍ ഡബ്ബ് ചെയ്യപ്പെടും.
2019ല്‍ പുറത്തിറങ്ങിയ മൂത്തോന്‍ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ടോക്സിക്. നിരൂപക പ്രശംസ നേടിയപ്പോഴും സാമ്പത്തികമായി പരാജയപ്പെട്ട ചിത്രമായിരുന്നു മൂത്തോന്‍. കെജിഎഫിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി ഉയര്‍ന്ന കന്നഡ താരം യഷിന്റെ അടുത്ത ചിത്രം ഗീതുവിനൊപ്പമാണെന്നത് വലിയ വാര്‍ത്തകള്‍ക്ക് കാരണമായിരുന്നു. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന യഷ് ചിത്രത്തിന്റെ സംവിധായികയായി ഗീതു എത്തിയപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ജനുവരി 8നാണ് അണിയറ പ്രവര്‍ത്തകര്‍ ടോക്സികിന്റെ ടീസര്‍ പുറത്തുവിട്ടത്. അതില്‍ നിന്ന് യാഷിന്റെ കഥാപാത്രത്തെ കുറിച്ച് ഒരു ഏകദേശ ധാരണ ലഭിച്ചിരുന്നു. ചിത്രത്തില്‍ കിയാര അദ്വാനി, താര സുതാര്യ, ശ്രുതി ഹാസന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണെന്നാണ് സൂചന. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട്ട് കെ. നാരായണയും യാഷും ചേര്‍ന്ന് നിര്‍മിക്കുന്ന ടോക്‌സികിന്റെ പ്രൊഡക്ഷന്‍ പൂര്‍ത്തിയായിട്ടില്ല.