
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ബിജെപി സർക്കാരുകൾ നടപ്പിലാക്കുന്ന ബുൾഡോസർ രാജിനെ ചൊല്ലിയുള്ള വാക്‌പോര് മുറുകുന്നു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. എല്ലാവർക്കും ബുൾഡോസറുകൾ പോലെയുള്ളവ കൈകാര്യം ചെയ്യാൻ കഴിയില്ല. ശാരീരികമായ ശക്തിയും, ഹൃദയവും മനസും ആവശ്യമാണ്. അതിനു എല്ലാവർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
2027 ലെ യുപി തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള യാദവിൻ്റെ ആഗ്രഹം ഒരു ദിവാസ്വപ്നമാണെന്നും, യാദവിന്റെ മുൻഗാമിയായ ശിവ്പാൽ യാദവ് അദ്ദേഹത്തിന്റെ ഭരണകാലത്ത് പണം തട്ടിയെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തെ മുഴുവൻ ബുൾഡോസറുകളും മുഖ്യ മന്ത്രി യോഗി ആദിത്യ നാഥിന്റെ നാടായ ഗോരഖ്പൂരിലേക്ക് പോകുമെന്ന് അഖിലേഷ് യാദവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യോഗിയുടെ പ്രതികരണം.
ALSO READ: "കേസിൽ പ്രതിയായാൽ ഒരാളുടെ കെട്ടിടം എങ്ങനെ പൊളിക്കും"; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി
ഇതിനു മറുപടിയുമായി അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. നിങ്ങളും നിങ്ങളുടെ ബുൾഡോസറും വിജയിക്കുകയാണെങ്കിൽ, ഒരു പ്രത്യേക പാർട്ടി രൂപീകരിച്ച് ബുൾഡോസർ ചിഹ്നത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് അഖിലേഷിന്റെ മറുപടി. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. നിങ്ങളുടെ മിഥ്യാധാരണകളും അഹങ്കാരവും ഒരിക്കൽ തകരും എന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വിവിധ സർക്കാരുകൾ നടപ്പിലാക്കുന്ന ബുൾഡോസർ രാജ് നടപടികൾക്കെതിരെ സുപ്രീം കോടതിയും രൂക്ഷവിമർശനം നടത്തിയിരുന്നു. കേസിൽ പ്രതിയായത് കൊണ്ട് മാത്രം ഒരാളുടെ കെട്ടിടം പൊളിക്കാൻ സർക്കാർ അധികൃതർക്ക് എങ്ങനെ കഴിയും എന്നാണ് സുപ്രീം കോടതി ചോദിച്ചത്. കെട്ടിടം പൊളിക്കുന്നതിന് മാർഗരേഖ രാജ്യവ്യാപകമായി പുറത്തിറക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് സെപ്റ്റംബർ 17ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.