14 വർഷത്തെ അന്വേഷണം, കേസ് തെളിയിച്ചത് ഡിഎൻഎ പരിശോധന; കാസർഗോഡ് അമ്പലത്തറ കൊലപാതകക്കേസിൽ പ്രതി അറസ്റ്റിൽ

പാണത്തൂർ, ബാപ്പുങ്കയം സ്വദേശി ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസിൽ  പഠിക്കുമ്പോൾ മുതൽ പെൺകുട്ടിക്ക് ഇയാളുമായി അടുപ്പമുണ്ടായിരുന്നു
14 വർഷത്തെ അന്വേഷണം, കേസ് തെളിയിച്ചത് ഡിഎൻഎ പരിശോധന; കാസർഗോഡ് അമ്പലത്തറ കൊലപാതകക്കേസിൽ പ്രതി അറസ്റ്റിൽ
Published on

കാസർഗോഡ് അമ്പലത്തറയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. പാണത്തൂർ, ബാപ്പുങ്കയം സ്വദേശി ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഡിഎൻഎ പരിശോധനയിലൂടെയാണ് കൊലപാതകം തെളിഞ്ഞത്. പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നും ഭയത്തിൽ മൃതദേഹം പുഴയിൽ ഉപേക്ഷിച്ചുവെന്നുമാണ് പ്രതിയുടെ മൊഴി.



2011 ജനുവരിയിലാണ് വിദ്യാർഥിനിയായിരുന്ന 17 കാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. തുടർന്ന് അച്ഛൻ്റെ പരാതിയിൽ അമ്പലത്തറ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പെൺകുട്ടിയെ കാണാതായതിന് പിന്നിൽ ബിജു പൗലോസാണെന്ന് കുടുംബം ആരോപിച്ചിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ അന്വേഷണം വഴിമുട്ടി. കേസിൽ നിന്നും രക്ഷപ്പെടാൻ പെൺകുട്ടിയുടെ ഫോൺ എറണാകുളത്തെത്തിച്ച് ചൈനീസ് ഫോണിൽ നിന്നും അച്ഛൻ്റെ സുഹൃത്തിനെ വിളിച്ച് സ്ത്രീ ശബ്ദത്തിൽ ജോലി കിട്ടിയതായും ഇനി വിളിക്കാൻ അവസരം കിട്ടില്ലെന്നും പ്രതി പറഞ്ഞിരുന്നു.

പത്താം ക്ലാസിൽ  പഠിക്കുമ്പോൾ മുതൽ പെൺകുട്ടിക്ക് പ്രതിയുമായി അടുപ്പമുണ്ടായിരുന്നു. പ്ലസ് ടുവിന് ശേഷം ബിജു പൗലോസിൻ്റെ നിർദേശപ്രകാരമുള്ള കോഴ്‌സുകളാണ് കുട്ടി പഠിച്ചത്.  ഹോസ്റ്റലിലായിരുന്ന കുട്ടിയെ വാടക വീട്ടിലേക്ക് കൊണ്ടുവന്ന് പ്രതി പല തവണ പീഡിപ്പിച്ചു. എന്നാൽ പെൺകുട്ടി വിവാഹ ആവശ്യം മുന്നോട്ടുവച്ചതോടെ വിവാഹിതനും 2 കുട്ടികളുടെ അച്ഛനുമായ ബിജു ബിജു ഒഴിഞ്ഞുമാറി. ഇതോടെ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നെന്നാണ് വിവരം. 

ഹൈക്കോടതി ഇടപെട്ടാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടത്. ബിജു പൗലോസിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റിലേക്ക് നീങ്ങിയില്ല. അജാനൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ട പെൺകുട്ടിയെ പാണത്തൂർ പുഴയിൽ തള്ളിയെന്നാണ് ബിജു അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നത്. എന്നാൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

പെൺകുട്ടിയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തിയിരുന്നു. പിന്നീട് ഇത് അജ്ഞാത മൃതദേഹമെന്ന നിലയിൽ സംസ്ക‌രിച്ചു. ഈ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് ക്രൈംബ്രാഞ്ച് സംഘം നടത്തിയ ഡിഎൻഎ പരിശോധന, പ്രതി ബിജു പൗലോസിൻ്റെ അറസ്റ്റിലേയ്ക്ക് നയിക്കുകയായിരുന്നു.

കർണാടകയിലെ ജോലിസ്ഥലത്തുനിന്നാണ് ബിജുവിനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റു ചെയ്ത‌ത്‌. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂർത്തിയാക്കി. ക്രൈംബ്രാഞ്ച് ഐ.ജി. പി പ്രകാശിൻ്റ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com