കോഴിക്കോട് പൊലീസിനെ കണ്ട പരിഭ്രാന്തിയിൽ MDMA പാക്കറ്റ് വിഴുങ്ങി യുവാവ്; പരിശോധനയിൽ വയറ്റിൽ നിന്ന് തരികളുള്ള കവറുകൾ കണ്ടെത്തി

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് മൈക്കാവ് സ്വദേശി ഷാനിദ് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയത്
കോഴിക്കോട്  പൊലീസിനെ കണ്ട പരിഭ്രാന്തിയിൽ MDMA പാക്കറ്റ് വിഴുങ്ങി യുവാവ്; പരിശോധനയിൽ വയറ്റിൽ നിന്ന് തരികളുള്ള കവറുകൾ കണ്ടെത്തി
Published on

കോഴിക്കോട് പൊലീസിനെ കണ്ടപ്പോൾ കയ്യിലുള്ള എംഡിഎംഎ പാക്കറ്റ് വിഴുങ്ങി യുവാവ് . പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് മൈക്കാവ് സ്വദേശി ഷാനിദ് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ തരികളുള്ള രണ്ട് കവറുകൾ ഇയാളുടെ വയറ്റിൽ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇന്നലെ രാവിലെ 9 മണിക്കായിരുന്നു സംഭവം. അമ്പാഴത്തോട് അങ്ങാടിയിൽ നിൽക്കുകയായിരുന്ന യുവാവ് പൊലീസിനെ കണ്ടപ്പോൾ കയ്യിലിരുന്ന പാക്കറ്റ് വിഴുങ്ങുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ ഷാനിദിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് ഇയാൾ പറഞ്ഞത്.

തുടർന്ന് പൊലീസ് ഷാനിദിനെ മെഡിക്കൽ കോളേജിലെത്തിച്ച് എൻഡോസ്കോപ്പി പരിശോധനയും രക്തപരിശോധനയും നടത്തി. ഈ പരിശോധനയിലാണ് യുവാവിൻ്റെ വയറ്റിൽ തരികളടങ്ങിയ രണ്ട് പാക്കറ്റുകളുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. നിലവിൽ ഷാനിദ് ഗ്യാസ്ട്രോ ഡിപാർട്മെൻ്റിൽ ചികിത്സയിലാണ്. ഷാനിദിനെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ലഹരി കടത്തിൽ ജയിലിലെത്തുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം 45 പെൺകുട്ടികളാണ് മയക്കുമരുന്ന് കടത്തിൽ പ്രതികളായി ജയിലിൽ എത്തിയത്. 20- നും 27- നും ഇടയിൽ പ്രായമുള്ളവരാണ് ഇവരിലേറെയും. പ്രണയക്കെണി, വഴിതെറ്റിയ സൗഹൃദങ്ങൾ, കുടുംബങ്ങളിലെ മോശം സാഹചര്യം എന്നിവയാണ് ലഹരിക്കെണിയിലേക്കും ലഹരി വ്യാപാരത്തിലേക്കും പെൺകുട്ടികളെ കൊണ്ടെത്തിക്കുന്നത്. ലഹരിക്കെതിരായ പോരാട്ടം ശക്തമാണെന്ന് സർക്കാർ വാദിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവരുന്നത്.

പെൺകുട്ടികൾ ക്യാരിയർമാരായി എത്തുന്ന കേസുകളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. 2022-23- ൽ മയക്കുമരുന്ന് കേസുകളിൽ പെട്ട് 28 സ്ത്രീ തടവുകാരാണ് കേരളത്തിലെ വിവിധ ജയിലുകളിലായി എത്തിയത്. 2023-24 ൽ അത് 36 ആയും 2024-25-ൽ 53 ആയും ഉയർന്നു. പിടിക്കപ്പെടാൻ സാധ്യത കുറവാണെന്ന് കരുതിയാണ് ലഹരിമാഫിയ പെൺകുട്ടികളെ തേടിയെത്തുന്നത്. എൻഡിപിഎസ് കേസുകളിൽ പെട്ട് സംസ്ഥാനത്തെ ജയിലുകളിൽ നിലവിൽ കഴിയുന്ന ആകെ സ്ത്രീകളുടെ കണക്കം ഞെട്ടിക്കുന്നതാണ്. ഒരിക്കൽ അകപ്പെട്ടാൽ പിന്നെ പുറത്തുകടക്കാനാകാത്ത ഒരു കിനാവള്ളിയാണിത്. ജയിൽ മോചിതരായാലും വീണ്ടും ലഹരി കേസുകളിൽ പെട്ട് അവർ ജയിലിലേക്ക് തന്നെ തിരികെയെത്തുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com