
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ജീവനോടെ കുഴിച്ചിട്ടെന്നും രക്ഷപ്പെട്ടത് തെരുവുനായ്ക്കള്‍ വന്ന് മണ്ണ് നീക്കിയപ്പോഴെന്നും വെളിപ്പെടുത്തല്‍. രൂപ് കിഷോര്‍ എന്ന 24 കാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി രംഗത്തെത്തിയത്.
ജൂലൈ 18ന് അങ്കിത്, ഗൗരവ്, കരണ്‍, ആകാശ് തുടങ്ങിയ നാല് പേര്‍ ആഗ്രയിലെ അര്‍ടോണി എന്ന പ്രദേശത്ത് വെച്ച് മര്‍ദിച്ചുവെന്നും മരിച്ചെന്നു കരുതി ജീവനോടെ കുഴിച്ചിട്ടെന്നുമാണ് യുവാവിന്റെ മൊഴി. യുവാവ് നല്‍കിയ മൊഴി പ്രകാരം കുഴിച്ചിട്ടതിന് പിന്നാലെ ഒരു കൂട്ടം തെരുവുനായ്ക്കള്‍ വന്ന് കുഴിച്ചിട്ട സ്ഥലത്തെ മണ്ണ് നീക്കി രൂപ് കിഷോറിനെ കടിച്ചു വലിക്കാന്‍ തുടങ്ങി. ഈ സമയത്ത് പെട്ടെന്ന് ബോധം വന്ന രൂപ് അവിടെ നിന്ന് എഴുന്നേറ്റ് നടക്കുകയായിരുന്നു. തുടര്‍ന്ന് അവശനായ നിലയില്‍ നടക്കുന്നത് കണ്ട യുവാവിനെ ചില പ്രദേശവാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നാല് പേര്‍ വീട്ടില്‍ വന്ന് രൂപ് കിഷോറിനെ ബലാല്‍ക്കാരമായി ഇറക്കിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് രൂപ് കിഷോറിന്റെ അമ്മ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും നാല് പേരെയും കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.