
കാഫിർ സ്ക്രീന്ഷോട്ട് വിവാദത്തിൽ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ.കെ.ലതികക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. മതസ്പര്‍ദ്ദ വളര്‍ത്തല്‍, ഐ.ടി ആക്ട് 295 എ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ ആണ് പരാതിക്കാരന്‍.
കഴിഞ്ഞ ദിവസമാണ് വിവാദമായ കാഫിർ പരാമർശ പോസ്റ്റ് സി പി എം സംസ്ഥാന കമ്മറ്റി അംഗവും മുൻ എം എൽ എയുമായ കെ.കെ. ലതിക പിൻവലിച്ചത്. പിന്നാലെ അവർ ഫേസ്ബുക്ക് പ്രൊഫൈൽ പൂർണ്ണമായും ലോക്ക് ചെയ്യുകയും ചെയ്തു. വ്യാജമെന്ന് പോലീസ് കണ്ടെത്തിയിട്ടും പോസ്റ്റ് നീക്കം ചെയ്യാത്ത കെ.കെ. ലതികയ്ക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ തലേ ദിവസമാണ് യൂത്ത് ലീഗ് പ്രവർത്തകനായ കാസിമിന്റെ പേരിൽ പോസ്റ്റ് പ്രചരിച്ചത്. പോസ്റ്റ് നിർമിച്ചതിൽ കാസിമിന് പ്രഥമ ദൃഷ്ട്യ പങ്കില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ പോലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പോലീസ് റിപ്പോർട്ട് പുറത്തു വന്ന ശേഷം 'യു ഡി എഫ് കെ കെ ലതികക്കെതിരെ പ്രക്ഷോഭവും നിയമനടപടികളുമായി മുന്നോട്ടു പോകാനൊരുങ്ങുകയാണ്.