മലപ്പുറത്ത് ദേശീയപാത തകര്‍ന്നതില്‍ KNRC ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമാർച്ച്; പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളും

നിര്‍മാണ കമ്പനിയുടെ ഓഫീസിലേക്ക് ഇടിച്ചു കയറിയ പ്രവര്‍ത്തകര്‍ കസേരകള്‍ ഉള്‍പ്പെടെ വലിച്ചെറിഞ്ഞു. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തു.
മലപ്പുറത്ത് ദേശീയപാത തകര്‍ന്നതില്‍ KNRC ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമാർച്ച്; പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളും
Published on


മലപ്പുറം കൂര്യാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ പൊലീസുകാരുമായി ഉന്തും തള്ളും. മലപ്പുറം കോഹിനൂരിലെ കെഎന്‍ആര്‍സി നിര്‍മാണ കമ്പനിയുടെ ഓഫീസിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

നിര്‍മാണ കമ്പനിയുടെ ഓഫീസിലേക്ക് ഇടിച്ചു കയറിയ പ്രവര്‍ത്തകര്‍ കസേരകള്‍ ഉള്‍പ്പെടെ വലിച്ചെറിഞ്ഞു. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തു. അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

സമരത്തിനിടെ പൊലീസുകാരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും തേഞ്ഞിപ്പലം എസ്എച്ച്ഒ ജീവന്‍ ജോര്‍ജ് പറഞ്ഞു. നെയിം ബോര്‍ഡ് പറിച്ചെടുത്തു. ഒരു പൊലീസുകാരന് പരിക്കേറ്റെന്നും എസ്.എച്ച്.ഒ പറഞ്ഞു.

പ്രതിഷേധം നടന്നിടത്ത് പൊലീസിന്റെ കുറവുണ്ടായിട്ടില്ല. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസും ഉണ്ടായിരുന്നു. വിഷയത്തില്‍ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം എവിടെ സമരം നടത്തണമെന്ന് തീരുമാനിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് ആണെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. ദേശീയപാത നിര്‍മാണത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും എന്‍എച്ച്എഐ, പിഡബ്ല്യുഡി ഓഫീസുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

കരാര്‍ കമ്പനി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമ്പോള്‍ പിണറായി പൊലീസിന് നോവുന്നു. പിണറായിയയുടെ എച്ചില്‍ നക്കുന്ന കാക്കിയിട്ട എസ്എച്ച്ഒയാണ് പ്രതിഷേധക്കാരെ മര്‍ദിച്ചത്. മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാതയിലൂടെ സഞ്ചരിച്ച് 14 റീല്‍സെടുത്തു. മുഖ്യമന്ത്രി മൂന്ന് റീല്‍സെടുത്തു. റോഡ് തകര്‍ന്ന ശേഷം മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഇതിന്റെ ഏഴയലത്ത് വന്നില്ലെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

റീല്‍സെടുത്ത് ക്രഡിറ്റ് എടുത്തവര്‍ റോഡ് പൊളിഞ്ഞപ്പോള്‍ ക്രഡിറ്റ് എടുക്കാന്‍ വരുന്നില്ല. മഴ തീരുംമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വാശിപിടിച്ചു. അങ്ങനെ ഗുണനിലവാരം പരിശോധിക്കാതെ നിര്‍മാണം നടത്തി. മണ്ണ് മാഫിയ സംഘത്തിന് മണ്ണെടുക്കാന്‍ അനുമതി കൊടുത്തുവെന്നും അബിന്‍ വര്‍ക്കി ആരോപിച്ചു. പ്രതിഷേധം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തി പ്രാപിച്ചതോടെയാണ് മലപ്പുറം ജില്ലയിലെ കൂരിയാട്, തലപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ ദേശീയ പാതയില്‍ ഇടിവും വിള്ളലും ശ്രദ്ധയില്‍പ്പെട്ടത്. കനത്ത മഴയില്‍ വയല്‍ വികസിച്ചതാണ് റോഡ് തകരാന്‍ കാരണമായതെന്നാണ് എന്‍എച്ച്എഐ നല്‍കിയ വിശദീകരണം. വിഷയം വിശദമായി അന്വേഷിക്കുമെന്നും എന്‍എച്ച്എഐ അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com