
സിപിഐയെ വിമർശിച്ച യൂത്ത് ഫ്രണ്ട് (എം) ചരിത്രം പഠിക്കണമെന്ന് വിമർശനവുമായി വിദ്യാർഥി സംഘടനയായ എഐവൈഎഫ്. ഇടതു മുന്നണി രൂപീകരിക്കാൻ മുൻകൈ എടുത്തത് സിപിഐയെന്നും എഐവൈഎഫ് കോട്ടയം ജില്ലാ പ്രസിഡൻ്റ് കെ. രഞ്ജിത്ത്. സിപിഐയെ വിമർശിക്കുന്നവർ, 'തമ്പ്രാനെന്ന് വിളിക്കും, പാളയിൽ കഞ്ഞി കുടിപ്പിക്കും' എന്ന മുദ്രാവാക്യത്തിൻ്റെ ഭൂതകാല പാരമ്പര്യം പേറുന്നവരെന്നും കെ. രഞ്ജിത്ത് പറഞ്ഞു.
വെന്റിലേറ്ററിൽ കിടന്ന പാർട്ടിക്ക് ജീവൻ ലഭിച്ചതും അഭയം കിട്ടിയതും കാനവും കോടിയേരിയും നടത്തിയ ചർച്ച വഴിയെന്നും എഐവൈഎഫ് ആരോപിച്ചു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ദിനു ചാക്കോയുടെ പ്രസ്താവന സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായമാണോയെന്നും എഐവൈഎഫ് ചോദിച്ചു.
ഇടതു മുന്നണിയെ തകർക്കാൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകളോട് യൂത്ത് ഫ്രണ്ട് ഉത്തരവാദിത്തമില്ലാതെ പ്രതികരിക്കുന്നത് അനുചിതം. സിപിഐ കടലാസിൽ പോലും പുലികൾ അല്ലെന്നായിരുന്നു യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻ്റിൻ്റെ പ്രസ്താവനയെന്നും എഐവൈഎഫ് ആരോപിച്ചു.