
മലപ്പുറം വിരുദ്ധ പരാമർശത്തിൽ ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. നോമ്പ് കാലത്ത് ബിജെപിക്കാരെ മലപ്പുറത്തെ ഹോട്ടലുകളിലേക്ക് അയക്കണം. അടുത്ത നോമ്പിന് രാമനാട്ടുകര മുതൽ എടപ്പാൾ വരെ സുരേന്ദ്രൻ യാത്ര ചെയ്യണമെന്നും പി.കെ. ഫിറോസ്. നുണകളിലൂടെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനാണ് സുരേന്ദ്രൻ്റെ ശ്രമം. സുരേന്ദ്രൻ മതേതരത്വത്തെ കുറിച്ച് പറയുന്നത് ഹിറ്റ്ലർ അഹിംസാ സർട്ടിഫിക്കറ്റ് നൽകുന്നത് പോലെയാണെന്നും പി.കെ. ഫിറോസ് വിമർശിച്ചു.
കേരളത്തിലെ പിന്നാക്ക സംവരണം ന്യൂനപക്ഷം തട്ടിയെടുത്തു എന്നത് ചർച്ചയാക്കാൻ തയാറാണ്. ജാതി സെൻസസ് നടത്തിയാൽ ഇതിലെ വസ്തുത വ്യക്തമാകും. വിദ്വേഷ പ്രചാരകർക്കെതിരെ കേസെടുക്കാത്തതിൽ അത്ഭുതമില്ല. രാജ്യദ്രോഹ കുറ്റം പോലും ചുമത്തേണ്ട കൊടകര കേസിൽ സുരേന്ദ്രനെ സാക്ഷിയാക്കിയവരാണ്. നുണയും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്ക് എതിരായ സംസ്ഥാന സർക്കാർ നിലപാട് എന്താണെന്നും പി.കെ. ഫിറോസ് ചോദിച്ചു.
മലപ്പുറം വിരുദ്ധ പരാമർശത്തിൽ വെള്ളാപ്പള്ളിയെ പിന്തുണച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ഒരു മാസം ജില്ലയിൽ ഭക്ഷണം ലഭിക്കില്ലെന്നും സ്കൂളിൽ ഉച്ചക്കഞ്ഞി നിർത്തിവയ്ക്കുമെന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം മുസ്ലിംമത ന്യൂനപക്ഷം തട്ടി എടുക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.