
ഡൽഹി വസന്ത്കുഞ്ചിൽ ഹോൺ മുഴക്കിയത് ചോദ്യം ചെയ്തത സുരക്ഷാ ജീവനക്കാരനെ വാഹനം ഇടിച്ച് തെറിപ്പിച്ച് യുവാവ്. സുരക്ഷാ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രംഗ്‌പുരി നിവാസി ലാല എന്ന വിജയിയെയാണ് അറസ്റ്റ് ചെയ്തത്. ഹോൺ മുഴക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ മഹിപാൽപൂരിനടുത്താണ് സംഭവം. ഐജിഐ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജീവ് കുമാർ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നടന്നുപോകുന്നതിനിടെ ഥാർ എസ്‌യുവി ഓടിച്ചിരുന്ന ഒരാൾ പിന്നിൽ നിന്ന് ഉച്ചത്തിൽ ഹോൺ മുഴക്കാൻ തുടങ്ങിയെന്ന് കുമാർ പറയുന്നു. കുമാർ ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ കുമാറിൻ്റെ കയ്യിലിരുന്ന സുരക്ഷാ ബാറ്റൺ വേണമെന്നായിരുന്നു ഡ്രൈവറുടെ ആവശ്യം. ഇത് കുമാർ നിരസിച്ചതോടെ വാഹനം കൊണ്ട് ഇടിച്ചു വീഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഡ്രൈവർ വാഹനത്തിൻ്റെ വേഗത കൂട്ടി, കുമാറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തിൽ കുമാറിൻ്റെ രണ്ട് കാലുകളിലും ഒന്നിലധികം ഒടിവുകളുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച കുമാർ ചികിത്സയിലാണ്. കുമാറിൻ്റെ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത പൊലീസ്, രംഗ്പുരി നിവാസിയായ ലാല എന്ന വിജയിയെ അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിലാണ് അറസ്റ്റ്. ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.