
മകനെ കാണാനില്ലെന്ന പരാതിയുമായി യൂട്യൂബര്‍ 'ചെകുത്താന്‍' എന്ന അജു അലക്‌സിന്റെ അമ്മ മേഴ്‌സി അലക്‌സ്. ഇതുസംബന്ധിച്ച് പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കി. തിരുവല്ല സിഐയാണ് മകനെ കൂട്ടിക്കൊണ്ടു പോയതെന്നും നിലവില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് മറുപടിയൊന്നുമില്ലെന്നും പരാതിയില്‍ പറയുന്നു.
ഇന്ന് രാവിലെയാണ് നടന്‍ സിദ്ദീഖിന്റെ പരാതിയിൽ അജു അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഹന്‍ലാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. മകന്‍ ഹൃദ്രോഗിയാണെന്നും മരുന്ന് എത്തിക്കാൻ പോലീസ് അനുവദിച്ചില്ലെന്നും മേഴ്‌സി അലക്‌സിന്റെ പരാതിയില്‍ പറയുന്നു.
തിരുവല്ല സിഐയാണ് മകനെ കൂട്ടിക്കൊണ്ടു പോയത്. നിലവില്‍ സിഐയുടെ ഭാഗത്തു നിന്ന് മറുപടിയൊന്നുമില്ല. പലതവണ ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല. എതിരെയുള്ളത് പ്രമുഖ നടന്മാരും സംഘടനയും ആയതിനാല്‍ മകന്റെ ജീവന് അപായം വരാന്‍ സാധ്യതയുണ്ട്. സിനിമക്കാര്‍ക്ക് എന്തുമാകാമോ, നടന്‍ ബാല തോക്കും കൊണ്ടുവന്നത് സിദ്ദിഖ് അറിഞ്ഞില്ലേ എന്നും പരാതിയില്‍ പറയുന്നു.
Also Read:
സി ഐ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് പരാതിയിലെ ആരോപണം.
ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ചൂരല്‍മല ദുരന്ത ബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അജു അലക്സ്, ചെകുത്താന്‍ എന്ന യൂട്യൂബ് ചാനലിലൂടെ മോഹന്‍ലാലിനെതിരെ മോശം പരാമര്‍ശം നടത്തിയത്. മോഹന്‍ലാലിന്റെ അരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു.
അതേസമയം 'ചെകുത്താന്‍' കഴിഞ്ഞ കുറച്ചുനാളുകളായി നടീനടന്മാരെ അധിക്ഷേപിക്കുന്നുണ്ടെന്ന് എ.എം.എം.എ യോഗത്തില്‍ സിദ്ദീഖ് പറഞ്ഞു. മോഹന്‍ലാല്‍ പബ്ലിസിറ്റിക്ക് വേണ്ടി പോയതല്ലെന്നും ആരെയും എന്തും പറയാനുള്ള സ്വാതന്ത്ര്യമില്ലെന്നും സിദ്ദീഖ് പറഞ്ഞു.