'മുടി മുറിച്ച് മകനെ കണ്ടാൽ തിരിച്ചറിയാത്ത രൂപത്തിലാക്കി, മറ്റു തടവുകാരെ കൊണ്ട് മർദിപ്പിക്കാൻ ശ്രമിച്ചു'; ഗുരുതര ആരോപണവുമായി മണവാളൻ്റെ കുടുംബം

തനിക്ക് സിനിമയിൽ അഭിനയിക്കാനും, കല്യാണം കഴിക്കാനുമുണ്ടെന്ന് പറഞ്ഞ മണവാളൻ മുടി മുറിക്കാതിരിക്കാനുള്ള പ്രത്യേക അപേക്ഷ സമർപ്പിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ജീവനക്കാർ സമ്മതിച്ചില്ലെന്നും കുടുംബം ആരോപിച്ചു
'മുടി മുറിച്ച് മകനെ കണ്ടാൽ തിരിച്ചറിയാത്ത രൂപത്തിലാക്കി, മറ്റു തടവുകാരെ കൊണ്ട് മർദിപ്പിക്കാൻ ശ്രമിച്ചു';  ഗുരുതര ആരോപണവുമായി മണവാളൻ്റെ കുടുംബം
Published on


യൂട്യൂബർ മണവാളൻ്റെ മുടി മുറിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മകൻ്റെ മുടിയും താടിയും മുറിച്ചതോടെ, കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത തരത്തിലായെന്നാണ് കുടുംബത്തിൻ്റെ ആരോപണം. കഴിഞ്ഞ ദിവസമാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഹീൻ ഷാ എന്ന മണവാളൻ്റെ മുടി ജയിൽ അധികൃതർ മുറിച്ചത്. മുടി മുറിച്ചതിനെത്തുടർന്ന് മണവാളന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.


ജയിൽ ജീവനക്കാർ ബലം പ്രയോഗിച്ചാണ് ഷഹീൻ്റെ മുടി മുറിച്ചുമാറ്റിയതെന്ന് കുടുംബം ആരോപിക്കുന്നു. ഒരാൾ കഴുത്തിനു കുത്തിപ്പിടിച്ചും രണ്ടുപേർ ശരീരത്തിൽ ബലമായും പിടിച്ചാണ് മുടിയും താടിയും മുറിച്ചത്. സിനിമയിൽ അഭിനയിക്കാൻ ഉണ്ടെന്നും, കല്യാണം കഴിക്കാനുണ്ടെന്നും ഷഹീൻ ആവർത്തിച്ച് പറഞ്ഞിരുന്നു. മുടി മുറിക്കാതിരിക്കാൻ പ്രത്യേക അപേക്ഷ സമർപ്പിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ സമ്മതിച്ചില്ല.

സൂപ്രണ്ടിന്റെ നിർദേശപ്രകാരമാണ് ജീവനക്കാരെത്തി മണവാളൻ്റെ മുടിയും താടിയും മുറിച്ചുമാറ്റിയത്. ജയിലിലെ മറ്റു തടവുകാരെ കൊണ്ട് മകനെ മർദിക്കാനും ജീവനക്കാർ ശ്രമിച്ചു. മൂന്നുതവണ മർദിക്കാനുള്ള ശ്രമം നടത്തിയെങ്കിലും തടവുകാർ സ്വമേധയാ പിന്മാറുകയായിരുന്നു. ഭ്രാന്തനായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മണവാള മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം വ്യക്തമാക്കി.



2024 ഏപ്രിലിൽ കേരളവർമ കോളേജിലെ വിദ്യാർഥികളെ വാഹനം പിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് മണവാളൻ റിമാൻഡിൽ ആയത്. തൃശൂർ പൂരത്തിന് സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു എരനല്ലൂർ സ്വദേശിയായ മുഹമ്മദ് ഷഹീൻ. ഷഹീനും സുഹൃത്തുക്കളും കേരള വർമ കോളേജിന് മുൻപിലെ കടയിലെത്തിയപ്പോൾ, കോളേജ് വിദ്യാർഥികളുമായി വാക്‌തർക്കമുണ്ടായിരുന്നു. തുടർന്ന് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥികളെ ഇയാൾ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തൃശൂർ മണ്ണുത്തി സ്വദേശി ഗൗതം കൃഷ്ണയെ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തിയെന്നാണ് കേസ്. കൊലപാതകശ്രമത്തിൽ വിദ്യാർഥികൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. വിഷയത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഷഹീൻ ഒളിവിൽ പോയി. മാസങ്ങൾക്ക് ശേഷമുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. ജനുവരി 20നാണ് ഒളിവില്‍ പോയ മുഹമ്മദ് ഷഹീന്‍ ഷായെ കുടകില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com