
നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ ഡോമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും എതിരഭിപ്രായങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വീണ്ടും ബൈഡന്‍റെ നാവിന് പിഴവ് സംഭവിച്ചു. ഇത്തവണ നാറ്റോ ഉച്ചകോടിയായിരുന്നു വേദി. ഉച്ചകോടിയില്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയെ സംസാരിക്കുവാനായി ക്ഷണിച്ച ബൈഡന്‍റെ നാവില്‍ വന്നത് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍റെ പേരാണ്.
"ഇനി ഞാന്‍ യുക്രെയ്ന്‍ പ്രസിഡന്‍റിന് വേദി കൈമാറുന്നു. ലേഡീസ് ആന്‍ഡ് ജെന്‍റില്‍മെന്‍ ധൈര്യവും നിശ്ചയദാര്‍ഢ്യവുമുള്ള പ്രസിഡന്‍റ് പുടിന്‍", നാറ്റോ ഉച്ചകോടിയില്‍ ബൈഡന്‍ ഇങ്ങനെ പറഞ്ഞതും സദസ് ഒന്നടങ്കം ശ്വാസമടക്കി. എന്നാല്‍ ഒരു പുഞ്ചിരിയോടെ വൊളോഡിമിര്‍ സെലന്‍സ്‌കി അന്തരീക്ഷം തണുപ്പിച്ചു.
"പ്രസിഡന്‍റ് സെലന്‍സ്‌കി പ്രസിഡന്‍റ് പുടിനെ തോല്‍പ്പിക്കും. പുടിനെ പരാജയപ്പെടുത്തുന്നതിലാണ് എന്‍റെ ശ്രദ്ധ." തനിക്ക് പിഴവ് സംഭവിച്ചുവെന്ന് മനസിലാക്കിയ ബൈഡന്‍ മൈക്കിനടുത്തേക്ക് വീണ്ടുമെത്തി തിരുത്തി.
വ്യാഴാഴ്ചയും സമാനമായ രീതിയിലൊരു പിഴവ് പ്രസിഡന്‍റ് ബൈഡന് സംഭവിച്ചിരുന്നു. വ്യാഴാഴ്ച നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്‍റായ കമലാ ഹാരിസിന്‍റെയും എതിരാളിയായ ട്രംപിന്‍റെയും പേരുകള്‍ തമ്മില്‍ മാറിപ്പോകുകയായിരുന്നു.
"നോക്കൂ, പ്രസിഡന്‍റാകാനുള്ള യോഗ്യതയില്ലെങ്കില്‍ ഞാന്‍ ട്രംപിനെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കുകയില്ലായിരുന്നു". കമലയിലുള്ള വിശ്വാസത്തെപ്പറ്റിയുള്ള റോയിറ്റേഴ്‌സിന്‍റെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ബൈഡൻ ഇങ്ങനെ പറഞ്ഞത്.
മറ്റൊരു വാര്‍ത്താ സമ്മേളനത്തില്‍ 'ചീഫ് ഓഫ് സ്റ്റാഫ്' എന്ന വാക്ക് കിട്ടാനായി ബൈഡന്‍ കഷ്ടപ്പെട്ടിരുന്നു. 'ചീഫ് ഓഫ് സ്റ്റാഫിന്' പകരം രാജ്യത്തെ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ 'കമാന്‍ഡര്‍ ഇന്‍ ചീഫ്' എന്നാണ് ബൈഡന്‍ അഭിസംബോധന ചെയ്തത്. കമാന്‍ഡര്‍ ഇന്‍ ചീഫ് എന്നത് ബൈഡന്‍ തന്നെ വഹിക്കുന്ന ചുമതലയാണ്.
78 വയസുള്ള ബൈഡന്‍റെ മാനസിക- ശാരീരിക ക്ഷമതയാണ് ഇപ്പോള്‍ ഡെമോക്രാറ്റുകള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ട്രംപുമായുള്ള സംവാദത്തിലുണ്ടായ നിരാശാജനകമായ പ്രകടനത്തിനോട് ചേർത്തു വെച്ചാണ് ഇപ്പോഴത്തെ നാവു പിഴകളെ വിമർശകർ വീക്ഷിക്കുന്നത്. സംവാദത്തിന് മോശം കാലാവസ്ഥയും യാത്രാക്ഷീണവും കാരണമായി പറഞ്ഞ ബൈഡന്‍ ഇത്തരം അബദ്ധങ്ങളെ എങ്ങനെ ന്യായീകരിക്കുമെന്ന് ഉറപ്പില്ല. കുട്ടിക്കാലത്ത് സംസാരത്തിലുണ്ടായിരുന്ന ബുദ്ധിമുട്ടുകളെ മറികടന്ന ജോ ബൈഡന് സ്ഥാനാര്‍ഥിത്വ വെല്ലുവിളി മറികടക്കാന്‍ സാധിക്കുമോയെന്ന് വരും ദിവസങ്ങളില്‍ അറിയുവാന്‍ സാധിക്കും.