'റഷ്യയുടെ വാക്കിന് വിശ്വാസ്യതയില്ല'; 'ഈസ്റ്റർ സന്ധി' ലംഘിച്ച് യുക്രെയ്നില്‍ വെടിവെപ്പ് തുടരുന്നതായി സെലന്‍സ്കി

പുടിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷവും ശനിയാഴ്ച റഷ്യൻ പീരങ്കിപ്പട ആക്രമണം തുട‍ർന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് അറിയിച്ചു
വൊളോഡിമിർ സെലൻസ്കി, വ്‌ളാഡിമിർ പുടിന്‍
വൊളോഡിമിർ സെലൻസ്കി, വ്‌ളാഡിമിർ പുടിന്‍
Published on

ഈസ്റ്റർ പ്രമാണിച്ച് പ്രഖ്യാപിച്ച താല്‍ക്കാലിക യുദ്ധവിരാമം റഷ്യ ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷവും ശനിയാഴ്ച റഷ്യൻ പീരങ്കിപ്പട ആക്രമണം തുട‍ർന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് അറിയിച്ചു. റഷ്യയുടെ വാക്കിന് 'വിശ്വാസ്യതയില്ല' എന്നും സെലൻസ്കി എക്സിൽ കുറിച്ചു.

കഴിഞ്ഞ മാസം യുഎസ് നിർദേശിച്ച 30 ദിവസത്തെ സമ്പൂർണ വെടിനിർത്തൽ റഷ്യ നിരസിച്ച കാര്യം ഓർമിപ്പിച്ചുകൊണ്ടായിരുന്നു സെലൻസ്കിയുടെ പോസ്റ്റ്. 'പൂർണവും നിരുപാധികവുമായ നിശബ്ദത' റഷ്യ ഉറപ്പുനൽകിയാൽ മാത്രമേ യുക്രെയ്നും സമാനമായ വഴി സ്വീകരിക്കൂ. റഷ്യയുടെ നടപടികൾക്ക് അനുസരിച്ചായിരിക്കും സമാധാന ശ്രമങ്ങളിലെ യുക്രെയ്നിന്റെ പ്രതികരണമെന്നും സെലൻസ്കി വ്യക്തമാക്കി. യഥാർത്ഥത്തിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നെങ്കിൽ അത് ഏപ്രിൽ 20ലെ ഈസ്റ്റർ ദിവസത്തിനുമപ്പുറത്തേക്ക് നീട്ടാനാണ് യുക്രെയ്ൻ നിർദേശിക്കുന്നതെന്നും പ്രസിഡന്റ് അറിയിച്ചു.

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനാണ് ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്‌നുമായുള്ള താൽക്കാലിക വെടിനിർത്തൽ സന്ധി പ്രഖ്യാപിച്ചത്. ഇന്നലെ നാല് മണി മുതൽ ഇന്ന് അർധരാത്രി വരെയാണ് 'ഈസ്റ്റർ വെടിനിർത്തൽ' പ്രഖ്യാപിച്ചത്. റഷ്യയുടെ ജനറൽ സ്റ്റാഫ് മേധാവി വലേരി ജെറാസിമോവുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ ഏർപ്പെടുത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ ഭരണകൂടത്തിന് സമാധാനത്തിൽ താൽപ്പര്യമുണ്ടോ എന്നതിൻ്റെ ഒരു പരീക്ഷണമാണിതെന്നും പുടിൻ വ്യക്തമാക്കിയിരുന്നു.

2014-ൽ കിഴക്കൻ യുക്രെയ്‌നിലെ രഹസ്യ അധിനിവേശത്തിനുശേഷം നിരവധി തവണ റഷ്യ വെടിനിർത്തൽ ലംഘിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറും തള്ളിയത് റഷ്യയാണ്. എന്നാൽ ശനിയാഴ്ച ഈസ്റ്റർ വെടിനിർത്തലിനെപ്പറ്റി സംസാരിച്ച പുടിൻ ആക്രമണങ്ങളി‍ൽ യുക്രയ്നിനെ ആണ് പഴിചാരിയത്. റഷ്യൻ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുന്നത് ഒഴിവാക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും യുക്രെയ്ൻ "100 തവണ" ഇത് ലംഘിച്ചുവെന്ന് പുടിൻ ആരോപിച്ചു. ഇത് വീണ്ടും സംഭവിച്ചാൽ "ഉടനടി പ്രതികരിക്കാനാണ് റഷ്യൻ സൈന്യത്തിന് പ്രസിഡന്റ് നൽകിയിരിക്കുന്ന നിർദേശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com