
റഷ്യ,യുക്രെയ്ൻ സമാധാന ചർച്ചയിൽ വീണ്ടും തിരിച്ചടി. ഇസ്താംബുളിലെ ചർച്ചയിൽ നിന്ന് ട്രംപിനും പുടിനും പിന്നാലെ സെലൻസ്‌കിയും പിന്മാറി. റഷ്യക്ക് യുദ്ധം അവസാനിപ്പിക്കാൻ താൽപര്യമില്ലെന്ന് സെലൻസ്കി വിമർശിച്ചു. ഇസ്താംബുളിൽ വെച്ച് നേരിട്ട് കണ്ട് സംസാരിക്കാമെന്ന് പുടിൻ ആദ്യം ഉറപ്പ് നൽകിയിരുന്നെങ്കിലും, പിന്നീട് പിന്മാറുകയാണ് ഉണ്ടായത്.
റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനാണ് യുക്രെയ്നെ നേരിട്ടുള്ള സമാധാന ചർച്ചയ്ക്ക് ക്ഷണിച്ചത്. പുടിന്റെ ക്ഷണം സ്വീകരിക്കുന്നതായി യുക്രെയ്നും അറിയിക്കുകയായിരുന്നു. യുക്രെയ്നെ നേരിട്ട് സമാധാന ചർച്ചകൾക്ക് ക്ഷണിക്കുമ്പോഴും മെയ് 12 മുതൽ 30 ദിവസത്തെ നിരുപാധിക വെടിനിർത്തലിന് റഷ്യ തയ്യാറാകണമെന്ന യൂറോപ്യൻ യൂണിയന്‍റെ അന്ത്യശാസനം പുടിൻ തള്ളിയിരുന്നു.
റഷ്യ,യുക്രെയ്ൻ സമാധാന ചർച്ച വിജയം കാണണമെങ്കിൽ ട്രംപും പുടിനും നേരിട്ട് സംവദിക്കണമെന്നും, അല്ലാതെ ഈ കാര്യത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും യുഎസ് ഉന്നത നയതന്ത്രജ്ഞൻ മാർക്കോ റൂബിയോ പറഞ്ഞു. താനും പുടിനും നേരിട്ട് കാണുന്നത് വരെ സമാധാന ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിക്കാൻ സാധ്യതയില്ലെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.