മഹാരാഷ്ട്രയിൽ സിക വൈറസ് കേസുകൾ കൂടുന്നു; സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

വൈറസ് പടരാതിരിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ
മഹാരാഷ്ട്രയിൽ സിക വൈറസ് കേസുകൾ കൂടുന്നു; സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
Published on

മഹാരാഷ്ട്രയിൽ സിക വൈറസ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സിക വൈറസ് ബാധയുണ്ടോ എന്നറിയാൻ ഗർഭിണികളെ നിരന്തരമായി സ്‌ക്രീനിംഗിന് വിധേയരാക്കണമെന്നും, സിക വൈറസ് സ്ഥിരീകരിച്ച അമ്മമാരുടെ ഭ്രൂണവളർച്ച നിരീക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

പരിസരം ഈഡിസ് കൊതുകു വിമുക്തമാണോ എന്ന് പരിശോധിക്കാൻ ആശുപത്രികളിലും, ഹെൽത്ത് സെൻററുകളിലും ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, റെസിഡൻഷ്യൽ ഏരിയകൾ, ജോലിസ്ഥലങ്ങൾ, സ്‌കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, നിർമാണ സ്ഥലങ്ങൾ, എന്നിവിടങ്ങളിൽ കൊതുക് നശീകരണം ശക്തമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം പൂനെയിൽ പുതിയ രണ്ട് സിക്ക കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പുതിയ രണ്ട് കേസുകളും സ്ഥിരീകരിച്ചത് ഗർഭിണികളിലാണ്. ഇതോടെ നഗരത്തിലെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ആറായി. രോഗബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. വൈറസ് പടരാതിരിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ നൽകുന്ന മാർഗ്ഗനിർദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൂനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com