
മൂന്നാം ടി20 ക്രിക്കറ്റ് മത്സരത്തിൽ സിംബാബ്‌വെയ്‌ക്ക് മുന്നിൽ 183 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യൻ യുവനിര. നായകൻ ശുഭ്മാൻ ഗില്ലിന്റെ (49 പന്തിൽ 66) അർധസെഞ്ചുറി കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിച്ചത്. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 182 റൺസെടുത്തത്. മറുപടി ബാറ്റിംഗിൽ 15 ഓവറിൽ 111/5 എന്ന നിലയിൽ ആതിഥേയർ ബാറ്റ് വീശുകയാണ്. ഇന്ത്യക്കായി ആവേശ് ഖാനും വാഷിങ്ടൺ സുന്ദറും രണ്ട് വീതം വിക്കറ്റെടുത്തു.
ടോസ് ജയിച്ച ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ (66), യശസ്വി ജെയ്സ്വാളിനൊപ്പം (36) നീലപ്പടയ്ക്ക് സ്ഫോടനാത്മകമായ തുടക്കമാണ് സമ്മാനിച്ചത്. റുതുരാജ് ഗെയ്ക്‌വാദും (49) മികച്ച രീതിയിൽ വാലറ്റത്ത് തകർത്തടിച്ചു. മലയാളി താരം സഞ്ജു സാംസൺ ഏഴ് പന്തിൽ പുറത്താകാതെ 12 റൺസ് നേടി. അഭിഷേക് ശർമ്മ (10), റിങ്കു സിംഗ് (1*) എന്നിവരും ഇന്ത്യക്കായി ബാറ്റ് ചെയ്തു. സിംബാബ്‌വെ ബൗളർമാരിൽ സിക്കന്ദർ റാസയും മുസർബാനിയും രണ്ട് വീതം വിക്കറ്റുകൾ പങ്കിട്ടു.
ലോകകപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്ന സഞ്ജുവിന് പുറമെ ശിവം ദുബെ, യശസ്വി ജെയ്സ്വാൾ എന്നിവരും പുതുതായി ടീമിലിടം പിടിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ ദേശീയ ടീമിൽ വൈസ് ക്യാപ്റ്റന്റെ ചുമതലയിൽ സഞ്ജു കളിക്കുന്നത്. വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിലെത്തിയത്.
കഴിഞ്ഞ മത്സരത്തിൽ ഓപ്പണർ അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ചുറി കരുത്തിൽ മികച്ച സ്കോർ ഉയർത്തിയ ഇന്ത്യ നൂറ് റൺസിനാണ് എതിരാളികളെ തോൽപ്പിച്ചത്. ഏറെ നാളുകൾക്ക് ശേഷമാണ് മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ജഴ്സിയിൽ കളിക്കുന്നത്. ബൗളിങ് നിരയിൽ മുകേഷ് കുമാറിന് ഖലീൽ അഹമ്മദാണ് പേസറായി ടീമിലിടം നേടിയത്. പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളിലും ഇരു ടീമുകളും ഓരോന്ന് വീതം ജയിച്ചിരുന്നു.