കോഴിക്കോട്: പേരാമ്പ്രയിൽ സംഘാടനം കൊണ്ട് വേറിട്ട നിന്ന ഒരു ഓണാഘോഷം നടന്നു. ഒരുക്കങ്ങൾ മുഴുവൻ ചെയ്തത് കുട്ടികളാണ് എന്നതാണ് ഈ ആഘോഷത്തിന്റെ പ്രത്യേകത.
പേരാമ്പ്ര ചേനായിയിൽ ഓണം കളറാക്കിയത് 'കുട്ടിക്കൂട്ടം' എന്ന് പേരുള്ള ഒരു സംഘമാണ്. മുതിർന്നവർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന പതിവ് മാറ്റി ഓണ മൂഡുമായി കുട്ടികളിറങ്ങി. നാട്ടുകാരെ മുഴുവൻ ക്ഷണിക്കാൻ കൈപ്പടയിൽ ഒരുക്കിയ നോട്ടീസും ഫ്ളക്സിനു പകരം തുണിയിൽ തയ്യാറാക്കിയ പോസ്റ്ററും തയ്യാറാക്കി. നാടൻ പൂക്കൾ ശേഖരിച്ചാണ് പൂക്കളങ്ങൾ ഒരുക്കിയത്.
ഓണം അവധിക്കാലം ആഘോഷമാക്കാൻ തങ്ങളുടെ തന്നെ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന മധുരപലഹാരങ്ങളും ചായയും ഉൾപ്പടെ അതിഥികൾക്കായി ഇവർ തയ്യാറാക്കി ഒരുക്കിയിരുന്നു. നാട്ടിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വകയായി സമ്മാനമായി പായസം കൂടി നൽകിയതോടെ കുട്ടികളുടെ ഓണാഘോഷത്തിൻ്റെ മധുരംഇരട്ടിയായി.