വയനാട്: ചൂരൽ മലയിലും മുണ്ടക്കൈലുമൊക്കെ സ്വീപ്പ്ലൈൻ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്ന കാഴ്ച ഏവരും ആശങ്കയോട് കൂടി കണ്ടതാണ്. എന്നാൽ അതേ സ്വീപ്പ്ലൈൻ ഉപയോഗിച്ച് ഒരു ഓണാഘോഷ പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് മുക്കം അഗ്നി രക്ഷാ നിലയം. ഓണം കളർ ആക്കാൻ സ്വീപ്പ് ലൈനിലൂടെയാണ് ഇത്തവണ മാവേലി പറന്നിറങ്ങിയത്. ഇങ്ങനെയൊരു വെറൈറ്റി ഓണാഘോഷത്തിന് പിന്നിൽ പ്രവർത്തിച്ചത് മുക്കം ഫയർ യൂണിറ്റ് റിക്രിയേഷൻ ക്ലബ്ബാണ്.
എവിടെയെങ്കിലും കുടുങ്ങിപ്പോയവരെയും ഒറ്റപ്പെട്ടവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാനുള്ള സംവിധാനമാണ് റോപ്പ് റസ്ക്യൂ സ്വിപ്പ് ലൈൻ. എന്നാൽ രക്ഷാപ്രവർത്തനത്തിന് മാത്രമല്ല, മാവേലിക്ക് പറന്നിറങ്ങാനും ഈ റോപ്പ് റെസ്ക്യൂ സ്വീപ്പ്ലൈൻ ഉപകരിക്കുമെന്നാണ് മുക്കം അഗ്നിരക്ഷാസേനയുടെ ഓണാഘോഷം കാണിച്ചുതരുന്നത്.
നിരവധി പേരാണ് ഈ അപൂർവ്വകാഴ്ച കാണാനായി ഫയർ യൂണിറ്റിൻ്റെ ഓണാഘോഷ ചടങ്ങുകളിൽ പങ്കാളികളായത്. പൂക്കളമിട്ടും പാട്ടുപാടിയും മറ്റ് വിനോദ പരിപാടികൾ ഒരുക്കിയും ഓണാഘോഷം പൊടി പൊടിക്കുന്നതിനിടയിലാണ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മാവേലി ആകാശത്തു നിന്നും ഓലകുടയും ചൂടി പറന്നിറങ്ങിയത്.
ഇതോടെ ഓണാഘോഷത്തിന് എത്തിയ വിശിഷ്ട വ്യക്തികളും ഫയർ യൂണിറ്റ് അംഗങ്ങളുടെ കുടുംബാംഗങ്ങളും പരിസരവാസികളും ആവേശത്തോടെ കരഘോഷംമുഴക്കി മാവേലിയെ വരവേറ്റു. അഗ്നി രക്ഷാസേന ഉദ്യോഗസ്ഥനായ ഫിജീഷാണ് മാവേലിയായി വേഷമിട്ട് സ്വീപ്പ്ലൈനിലൂടെ ആൾക്കൂട്ടത്തിലെക്ക് എത്തിയത്.
സാധാരണ പല രീതികളിലും ഓണാഘോഷത്തിനിടയിൽ മാവേലി എത്തുന്നത് കണ്ടിട്ടുണ്ടെങ്കിലും റോപ്പ് വഴി പറന്നിറങ്ങിയ മാവേലി ആദ്യ അനുഭവമാണ്. ഓരോ ഓണക്കാലത്തും അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ സാധിക്കാറില്ല. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഇത്തവണത്തെ ഓണാഘോഷം വിപുലമായി ആഘോഷിക്കാൻ മുക്കം ഫയർ യൂണിറ്റ് തീരുമാനിച്ചത്.